
ന്യൂഡല്‍ഹി: 2008 ലെ മുംബൈ ഭീകരാക്രമണകേസിലെ പ്രതിയായ തഹാവൂര്‍ റാണയെ ഇന്ത്യയിലേക്ക് എത്തിക്കുന്നു. യുഎസിലെ നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് റാണയെ ഇന്ത്യക്ക് കൈമാറുന്നത്. പ്രത്യേക വിമാനത്തിലാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. വിമാനത്തിന് ഇന്ധനം നിറയ്‌ക്കേണ്ടിവരുമെന്നും ഇന്ന് രാത്രിയോ നാളെ പുലര്‍ച്ചെയോ ലാന്‍ഡ് ചെയ്യുമെന്നും പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യയിലേക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് റാണ സമര്‍പ്പിച്ച ഹര്‍ജി യുഎസ് സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് റാണയെ ഇന്ത്യക്ക് കൈമാറുന്നത്.
ഫെബ്രുവരിയില്‍ വൈറ്റ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍, റാണയെ ഇന്ത്യക്ക് കൈമാറാന്‍ തന്റെ ഭരണകൂടം സമ്മതിച്ചതായി പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.