
ന്യൂഡല്‍ഹി: അമേരിക്കയില്‍നിന്ന് എത്തിച്ച മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ 18 ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. പട്യാല ഹൗസ് കോടതിയിലെ പ്രത്യേക എന്‍ഐഎ ജഡ്ജി ചന്ദര്‍ജിത് സിങ്ങിന്റേതാണ് ഉത്തരവ്.
അതീവ സുരക്ഷയില്‍ റാണയെ വ്യാഴാഴ്ച രാത്രി 10:45 ഓടെയാണ് കോടതിയിലെത്തിച്ചത്. മണിക്കൂറുകള്‍ നീണ്ട വാദത്തിന് ശേഷം വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് കോടതി റാണയെ കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
20 ദിവസത്തെ കസ്റ്റഡി ആയിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടിരുന്നത്.
കേന്ദ്ര സര്‍ക്കാരിനായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നരേന്ദര്‍ മാനിനെ നിയോഗിച്ചിരുന്നു. എന്‍ഐഎയെ പ്രതിനിധീകരിച്ച് സീനിയര്‍ അഭിഭാഷകന്‍ ദയാന്‍ കൃഷ്ണനാണ് ഹാജരായത്. റാണയ്ക്ക് അഭിഭാഷകനായ പിയൂഷ് സച്‌ദേവയുടെ നിയമസഹായവും ലഭിച്ചു. 17 വര്‍ഷം നീണ്ട നിയമവ്യവഹാരങ്ങള്‍ക്കും നയതന്ത്രനീക്കങ്ങള്‍ക്കുമൊടുവില്‍ വ്യാഴാഴ്ച വൈകീട്ടാണ് യുഎസില്‍നിന്ന് പ്രത്യേകവിമാനത്തില്‍ റാണയെ ഡല്‍ഹിയിലെത്തിച്ചത്.
ഷിക്കാഗോയിൽ താമസിച്ചിരുന്ന പാകിസ്ഥാൻ വംശജനായ കനേഡിയൻ പൗരനായ തഹാവൂർ റാണ, 2008-ൽ രാജ്യത്തിന്റെ മംബൈയിൽ 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ പ്രധാന പങ്കുവഹിച്ചതായി ആരോപിക്കപ്പെടുന്നു. ഭീകരാക്രമണത്തിന് റാണ ലോജിസ്റ്റിക്കൽ, സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്ന് ആക്രമണത്തിലെ മുഖ്യപ്രതിയായ പാകിസ്ഥാൻ-അമേരിക്കൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലി പറഞ്ഞു.
Tahawwur Rana sent to 18-day NIA custody