സ്റ്റാലിന്‍റെ സന്ദേശവുമായി തമിഴ്നാട് ഐടി മന്ത്രി പളനിവേൽ ത്യാഗരാജൻ പിണറായിയെ കാണാൻ എത്തി; യോജിച്ച നീക്കത്തിന് ധാരണ

തിരുവനന്തപുരം: ഏകപക്ഷീയമായി പാർലമെന്‍റ് മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്ര സർക്കാർ ശ്രമത്തിനെതിരെ യോജിച്ച നീക്കവുമായി കേരളവും തമിഴ്നാടും. ജനാധിപത്യത്തിന്‍റെയും ഫെഡറലിസത്തിന്‍റെയും മൂല്യങ്ങൾ കാറ്റിൽ പറത്തി ലോക്സഭാ മണ്ഡലങ്ങൾ പുനർനിർണയിക്കാൻ കേന്ദ്രം നടത്തുന്ന തിരക്കിട്ട നീക്കങ്ങൾക്കെതിരെ ചെന്നൈയിൽ വിളിച്ചു ചേർക്കുന്ന ഐക്യദാർഢ്യ സമ്മേളനത്തിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനെ തമിഴ്നാട് മുഖ്യമന്ത്രി ക്ഷണിച്ചു.

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ പ്രതിനിധികളായി തമിഴ്നാട് ഐടി മന്ത്രി പളനിവേൽ ത്യാഗരാജൻ ഡോക്ടർ തമിഴച്ചി തങ്ക പാണ്ഡ്യൻ എംപി എന്നിവർ നേരിട്ട് എത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത്. ഈ മാസം 22ന് ചെന്നൈയിൽ നടക്കുന്ന സമ്മേളനത്തോടും ഈ വിഷയത്തിൽ സ്വീകരിക്കുന്ന നിലപാടിനോടുമുള്ള ഐക്യദാർഢ്യം മുഖ്യമന്ത്രി അവരെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ചേമ്പറിൽ എത്തിയ അവർ എം കെ സ്റ്റാലിന്‍റെ ആത്മകഥ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.

തിരുവനന്തപുരത്തെത്തിയ തമിഴ്നാട് ഐടി മന്ത്രി പഴനിവേൽ ത്യാഗരാജനും തമിഴച്ചി തങ്കപാണ്ഡ്യൻ എംപിയും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ ക്ഷണക്കത്ത്, കേരള മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കേരളത്തിന്റെ പിന്തുണ ഉറപ്പ് നൽകിയ പിണറായി, സംസ്ഥാനങ്ങളുടെ അവകാശം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഒപ്പം നിൽക്കുമെന്ന വാഗ്ദാനം നൽകി. ഈ മാസം 22ന് നടക്കുന്ന സമ്മേളനത്തിലേക്ക് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെയും ഒഡീഷ, പഞ്ചാബ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെയും പ്രധാന നേതാക്കളെയും ആണ്‌ സ്റ്റാലിൻ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് മുതിർന്ന മന്ത്രി പങ്കെടുക്കാനാണ് സാധ്യത.

More Stories from this section

family-dental
witywide