
ചെന്നൈ: സംസ്ഥാന ബജറ്റിന്റെ ലോഗോയില്‍ നിന്നും രൂപയുടെ ചിഹ്നം (₹) മാറ്റി പകരം തമിഴ് അക്ഷരം രൂ (ரூ) ഉപയോഗിച്ച് തമിഴ്നാട്. വെള്ളിയാഴ്ച രാവിലെയാണ് 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണം. കഴിഞ്ഞ വര്‍ഷത്തെ ബജറ്റിന്റെ പോസ്റ്ററുകളില്‍ രൂപയുടെ ചിഹ്നമായിരുന്നു ഉപയോഗിച്ചത്. എന്നാലിപ്പോള്‍ കേന്ദ്രം ഹിന്ദി അടിച്ചേല്‍പ്പിക്കുന്നുവെന്ന വാദം ഉയര്‍ത്തിയാണ് തമിഴ്‌നാടിന്റെ നീക്കം.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തന്നെയാണ് പുതിയ ലോഗോ എക്‌സില്‍ പങ്കുവെച്ചത്.
ബജറ്റിനെക്കുറിച്ച് പങ്കുവെച്ച ടീസറിലാണ് ലോഗോ മാറിയിരിക്കുന്നത്. തുടര്‍ന്ന് ഈ മാറ്റം ചര്‍ച്ചയാകുകയും ചെയ്തിട്ടുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ത്രിഭാഷാ സമ്മര്‍ദ്ദത്തിനെതിരായി ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രവുമായി ഭരണകക്ഷിയായ ഡിഎംകെയുടെ പോരാട്ടത്തിലാണ്.
சமூகத்தின் அனைத்துத் தரப்பினரும் பயன்பெறும் வகையில் தமிழ்நாட்டின் பரவலான வளர்ச்சியை உறுதி செய்திட…#DravidianModel #TNBudget2025 pic.twitter.com/83ZBFUdKZC
— M.K.Stalin (@mkstalin) March 13, 2025
അതേസമയം, ഈ മാറ്റം സംബന്ധിച്ച് തമിഴ്നാട് സര്‍ക്കാരില്‍ നിന്ന് ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ഡിഎംകെ നേതാവ് ശരവണന്‍ അണ്ണാദുരൈ പ്രതികരിച്ചു. ‘ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ല… ഇത് ഒരു ‘ഏറ്റുമുട്ടല്‍’ അല്ല. ഞങ്ങള്‍ തമിഴിന് മുന്‍ഗണന നല്‍കുന്നു… അതുകൊണ്ടാണ് സര്‍ക്കാര്‍ ഇതുമായി മുന്നോട്ട് പോയത്’.- അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ഒരു സംസ്ഥാനം ദേശീയ കറന്‍സി ചിഹ്നം ഒഴിവാക്കുന്നത്.