
ഫ്ലോറിഡ: ഫ്ലോറിഡയിൽ ഞായറാഴ്ചയുണ്ടായ അപകടത്തിൽ മൂന്ന് തെലങ്കാന സ്വദേശികൾക്ക് ദാരുണാന്ത്യം. പ്രണീത റെഡ്ഡി, മകൻ ഹർവീൻ, സുനിത എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.. വാഹനമോടിച്ചിരുന്ന പ്രണീത റെഡ്ഡിയുടെ ഭർത്താവ് രോഹിത് റെഡ്ഡിക്കും അവരുടെ ഇളയ മകനും പരിക്കേറ്റിട്ടുണ്ട്. പ്രണീത റെഡ്ഡി തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ കൊണ്ടൂർഗ് മണ്ഡലത്തിലെ തേക്കുലപ്പള്ളി സ്വദേശിയാണ്. സിദ്ധിപേട്ട് സ്വദേശിയായ രോഹിത് റെഡ്ഡിയാണ് ഭർത്താവ്. വിവാഹശേഷം പ്രണീത ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുകയായിരുന്നു.
ഞായറാഴ്ച രോഹിത് റെഡ്ഡിയും ഭാര്യ പ്രണീത, അവരുടെ മക്കൾ, ഭാര്യാമാതാവ് സുനിത എന്നിവരോടൊപ്പം യാത്ര ചെയ്യുമ്പോൾ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പ്രണീതയും മകൻ ഹർവീനും സുനിതയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അടിയന്തര രക്ഷാപ്രവർത്തന സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി പരിക്കേറ്റ രോഹിത് റെഡ്ഡിയെയും ഇളയ മകനെയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അപകടവാർത്ത തേക്കുലപ്പള്ളിയിലെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്.