
ഇസ്ലാമാബാദ് : പാകിസ്താനില്‍ ഭീകരാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്താനില്‍ രണ്ടിടങ്ങളിലായി നടന്ന ഭീകരാക്രമണത്തില്‍ 21 പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇവരില്‍ 4 പേരുടെ നില ഗുരുതരമാണ്. ഗ്വാദറിലെ തീരദേശ മേഖലയായ പസ്‌നിയിലാണ് ആദ്യ ആക്രമണം നടന്നത്. ഭീകരര്‍ ബസ് തടഞ്ഞുനിര്‍ത്തി ബലൂചികളല്ലാത്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു.
രണ്ടാമത്തെ ആക്രമണം നടന്നത് ക്വെറ്റയിലാണ്. സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ളതായിരുന്നു ഇത്. പൊലീസ് വാഹനത്തിനു സമീപമുണ്ടായിരുന്ന ബൈക്കില്‍ ഘടിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. ബലൂച് ലിബറേഷന്‍ ആര്‍മി (BLA) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
പാകിസ്ഥാനിലെ ബലൂചിസ്താന്‍ പ്രവിശ്യയുടെ മോചനം ആവശ്യപ്പെടുന്ന സംഘടനയാണ് ബലൂച് ലിബറേഷന്‍ ആര്‍മി അഥവാ ബി.എല്‍.എ. പാക്കിസ്ഥാന്റെയും ഇറാന്റെയും അതിര്‍ത്തിയിലാണ് ബലൂചിസ്താന്‍ പ്രവിശ്യ.