
വാഷിംഗ്ടണ്‍ : പഞ്ചാബിലെ 14 സ്‌ഫോടനങ്ങള്‍ നടത്തിയതിനു പിന്നിലുള്ള ഭീകരനെ യുഎസില്‍ അറസ്റ്റുചെയ്തു. അമേരിക്ക ആസ്ഥാനമായുള്ള ഭീകരന്‍ ഹര്‍പ്രീത് സിംഗ് എന്ന ഹാപ്പി പാസിയയാണ് പിടിയിലായത്. കസ്റ്റഡിയിലുള്ള ഹാപ്പി പാസിയയുടെ ചിത്രം ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) പുറത്തുവിട്ടു. നിയമവിരുദ്ധമായി യുഎസില്‍ പ്രവേശിച്ച ഇയാള്‍ പിടിക്കപ്പെടാതിരിക്കാന്‍ ബര്‍ണര്‍ ഫോണുകള്‍ ഉപയോഗിച്ചുവന്നിരുന്നതായും വിവരമുണ്ട്. പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുമായും ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലുമായും സഹകരിച്ചാണ് സിംഗ് ഭീകരാക്രമണങ്ങള്‍ നടത്തിയതെന്ന് സുരക്ഷാ സേനയിലെ വൃത്തങ്ങള്‍ പറഞ്ഞു.
ഇന്ത്യ ഏറ്റവും കൂടുതല്‍ തിരയുന്ന ഭീകരരില്‍ ഒരാളാണ് ഹാപ്പി പാസിയ. ഇയാളുടെ തലയ്ക്ക് 5 ലക്ഷം രൂപ അന്വേഷണ ഏജന്‍സികള്‍ പ്രഖ്യാപിച്ചിരുന്നു. പഞ്ചാബില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ നടന്ന 14 ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഇയാളാണെന്ന് പറയപ്പെടുന്നു. 2024 നവംബര്‍ മുതല്‍ അമൃത്സറിലെ പൊലീസ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയാണ് ഇയാള്‍ ലക്ഷ്യമിട്ടത്. ഇതില്‍ മിക്ക ആക്രമങ്ങളുടേയും ഉത്തരവാദിത്തം ഇയാള്‍ ഏറ്റെടുത്തിരുന്നു.