
ഇലോൺ മസ്‍കിൻറെ ഉടമസ്ഥതയിലുള്ള ടെസ്‍ലയ്ക്ക് ചൈനയിൽ വൻ തിരിച്ചടിയെന്ന് പുതിയ റിപ്പോർട്ടുകൾ. ചൈനയിൽ കമ്പനി കഴിഞ്ഞ അഞ്ച് മാസമായി തുടർച്ചയായി വിൽപ്പനയിൽ റിവേഴ്സ് ഗിയറിലാണെന്നാണ് രാജ്യത്തെ പാസഞ്ചർ കാർ അസോസിയേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഫെബ്രുവരിയിൽ ടെസ്‌ലയുടെ കയറ്റുമതി മുൻ വർഷത്തെ അപേക്ഷിച്ച് 49 ശതമാനം ഇടിഞ്ഞ് 30,688 വാഹനങ്ങളായി. കൊവിഡ് കാലത്ത് 2022 ജൂലൈയിൽ 28,217 ഇലക്ട്രിക് വാഹനങ്ങൾ മാത്രം കയറ്റുമതി ചെയ്തതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിമാസ കണക്കാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ചൈനയിൽ ടെസ്‌ലയുടെ വിപണി വിഹിതം അഞ്ച ശതമാനത്തിൽ താഴെയാണ്. അതേസമയം ചൈനീസ് വാഹന ഭീമനായ ബിവൈഡി (ബിൽഡ് യുവർ ഡ്രീംസ്) വിപണി വിഹിതം 15 ശതമാനത്തിലേക്ക് കുതിക്കുകയാണ്. കഴിഞ്ഞ മാസം ബിവൈഡി 318,000 ൽ അധികം വാഹനങ്ങൾ വിറ്റു, ഇത് കഴിഞ്ഞ വർഷത്തേക്കാൾ 161 ശതമാനം കൂടുതലാണ്. വിപണിയിൽ ടെസ്‌ലയുടെ സ്ഥാനം ബിവൈഡി സ്വന്തമാക്കാൻ തുടങ്ങിയിട്ടുണ്ടെന്നാണ് സൂചനകൾ.
കഴിഞ്ഞ മാസം 318,000-ത്തിലധികം പൂർണ്ണമായും ഇലക്ട്രിക്, ഹൈബ്രിഡ് പാസഞ്ചർ വാഹനങ്ങൾ വിറ്റഴിച്ചു, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 161 ശതമാനം വർധനവാണ്. ഷെൻഷെൻ ആസ്ഥാനമായുള്ള കാർ നിർമ്മാതാക്കളായ ബിവൈഡി വിദേശ വിൽപ്പനയിൽ മറ്റൊരു റെക്കോർഡ് മാസവും കുറിച്ചു. 67,025 യൂണിറ്റായിരുന്നു വിദേശത്തെ വിൽപ്പന കണക്കുകൾ.