
വാഷിംഗ്ടണ്‍: ഇന്ത്യയിലേക്കുള്ള ടെസ്‍ലയുടെ വരവില്‍ ട്രംപും മസ്കും തമ്മിൽ ഇടയുന്നുവെന്ന് സൂചന. ഇന്ത്യയിൽ ജീവനക്കാരെ നിയമിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ടെസ്‍ല ആരംഭിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഇലോൺ മസ്കിന്‍റെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ടെസ്‌ല ഇന്ത്യയിലെ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍, ഇന്ത്യയില്‍ പ്ലാന്റ് നിര്‍മിക്കാനുള്ള ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കിന്റെ നീക്കങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് തൃപ്തനല്ലെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഇന്ത്യയില്‍ ടെസ്ല ഷോറൂമുകള്‍ വരുന്നുവെന്ന വാര്‍ത്തകള്‍ക്കുപിന്നാലെ വലിയ അതൃപ്തി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത് വന്നിരുന്നു. ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് 100 ശതമാനം തീരുവ ചുമത്തുന്നതിനാല്‍ ഇലോണ്‍ മസ്‌കിന് ഇന്ത്യയില്‍ ഒരു കാര്‍ വില്‍ക്കാന്‍ കഴിയില്ലെന്നാണ് ട്രംപ് തുറന്നടിച്ചത്. ഇന്ത്യയില്‍ ടെസ്‍ല ഫാക്ടറി സ്ഥാപിക്കുന്നതിലൂടെ മസ്‌ക് യുഎസിനോട് അനീതി കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കഴിഞ്ഞ ദിവസം ഫോക്‌സ് ന്യൂസിന് നല്‍കിയ സംയുക്ത അഭിമുഖത്തിലാണ് ട്രംപ് തന്റെ അതൃപ്തി അറിയിച്ചത്.
ഇറക്കുമതി തീരുവ ലാഭിക്കുന്നതിനുവേണ്ടി ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ പ്ലാന്റ് നിര്‍മിക്കുന്നത് അങ്ങേയറ്റം അന്യായമാണെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. ഇന്ത്യയിലേക്കുള്ള കാറുകളുടെ ഇറക്കുമതി തീരുവ സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിച്ച് വ്യാപാര കരാറുകളുമായി മുന്നോട്ട് പോകാമെന്ന് നരേന്ദ്ര മോദി സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.ഉയര്‍ന്ന നികുതി നയത്തെ മസ്‌കും വിമര്‍ശിച്ചിരുന്നു. ഇന്ത്യയിലെ ആഭ്യന്തര വാഹന നിര്‍മാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഇറക്കുമതി തീരുവ കുത്തനെ ഉയര്‍ത്തിയിരിക്കുകയാണെന്നായിരുന്നു മസ്‌ക്കിന്റെ വിമര്‍ശനം.
എന്നാല്‍, ഏപ്രില്‍ മാസത്തോടെ ടെസ്‌ല ഇന്ത്യയില്‍ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ഉത്പാദനം തുടങ്ങുംമുമ്പേ ഇറക്കുമതി ചെയ്ത കാറുകള്‍ വിപണിയിലെത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഡല്‍ഹിയിലും മുംബൈയിലും ഷോറൂമുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ 13 തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതായി അറിയിപ്പും വന്നിരുന്നു.