
തിരുവനന്തപുരം : ഓണറേറിയവും വിരമിക്കല്‍ ആനുകൂല്യവും അടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം ആരംഭിച്ചിട്ട് ഇന്ന് ഒരു മാസം പൂര്‍ത്തിയാകുന്നു. കലാ- സാംസ്‌കാരിക – രാഷ്ട്രീയ പ്രവര്‍ത്തകര്‍ അടക്കം ആശമാര്‍ക്ക് അനുകൂല നിലപാട് എടുക്കുമ്പോഴും സര്‍ക്കാര്‍ മുഖം തിരിച്ചു നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ മാര്‍ച്ച് 17ന് സെക്രട്ടേറിയറ്റ് ഉപരോധിക്കുമെന്നാണ് ഇവര്‍ അറിയിച്ചത്.
ഓണറേറിയം 21,000 രൂപയാക്കുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. സമരത്തിന് വരുന്നവരെ പാര്‍ട്ടിക്കാര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് സമര നേതാക്കള്‍ ആരോപിച്ചു.
ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ പിന്‍വലിച്ചെന്ന് പറഞ്ഞിട്ടും അതുസംബന്ധിച്ച ഉത്തരവ് ഇതുവരെ ഇറങ്ങിയില്ല. കൂടുതല്‍ ഓണറേറിയം നല്‍കുന്നത് കേരളമാണെന്ന കള്ളം നിയമസഭയില്‍ പോലും ആവര്‍ത്തിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു.
സമരം ചെയ്യുന്ന സ്ത്രീകളെ കടുത്ത സമ്മര്‍ദത്തിലാക്കുന്ന നടപടികളാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. നിയമം അനുസരിച്ച് സമാധാനപരമായി ഇത്രയും ദിവസം സമരം നടത്തിയിട്ടും സര്‍ക്കാര്‍ തിരിഞ്ഞു നോക്കാതിരിക്കുന്നതിനാലാണ് നിയമലംഘന സമരത്തിലേക്ക് കടക്കുന്നതെന്നും സമര നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.