
ന്യൂഡല്‍ഹി: ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ബൊഫേഴ്‌സ് കുംഭകോണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് നാലു പതിറ്റാണ്ടിനുശേഷം വീണ്ടും ജീവൻവെയ്ക്കുന്നു. കുംഭകോണവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ട് സി.ബി.ഐ അമേരിക്കയെ സമീപിച്ചിരിക്കുകയാണ്.
1980-ല്‍ നടന്ന ബൊഫേഴ്‌സ് തോക്കിടപാടുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയാമെന്ന അമേരിക്കന്‍ സ്വകാര്യ അന്വേഷണ ഏജന്‍ജി മേധാവിയായ മൈക്കിള്‍ ഹെര്‍ഷ്മാന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐയുടെ ഈ നീക്കം. കേസന്വേഷണവുമായി സഹകരിക്കാന്‍ ഹെര്‍ഷ്മാന്‍ സന്നദ്ധതയും അറിയിച്ചിരുന്നു.
1986-ലാണ് സൈന്യത്തിനായി 155 എം.എം. ഹോവിറ്റ്‌സര്‍ തോക്ക് വാങ്ങുന്നതിനായി സ്വീഡിഷ് ആയുധ കമ്പനിയായ ബൊഫേഴ്‌സ് ഇന്ത്യയുമായി കരാറില്‍ ഒപ്പുവയ്ക്കുന്നത്. 1437 കോടി രൂപയുടെ ഇടപാടായിരുന്നു ഇത്. എന്നാല്‍, ഈ ഇടപാടിനായി ബൊഫേഴ്‌സ് ഇന്ത്യയിലെ രാഷ്ട്രിയ നേതാക്കള്‍ക്കും സൈനിക ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയെന്ന ആരോപണവുമായി ഒരു സ്വീഡിഷ് റേഡിയോ രംഗത്തെത്തുകയായിരുന്നു. 64 കോടി രൂപയുടെ അഴിമതി ഈ ഇടപാടില്‍ നടന്നെന്നായിരുന്നു ആരോപണം.
രാജീവ് ഗാന്ധി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ ബൊഫേഴ്‌സ് അഴിമതിക്കേസില്‍ 1990-ലാണ് സി.ബി.ഐ. കേസെടുത്തത്. ബൊഫേഴ്‌സ് മേധാവിയായിരുന്ന മാര്‍ട്ടിന്‍ ആര്‍ട്‌ബോ, ഇടനിലക്കാരനായ വിന്‍ ഛദ്ദ, ഹിന്ദുജ സഹോദരന്മാര്‍ എന്നിവര്‍ക്കെതിരേയായിരുന്നു കേസ്.
ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് സി.ബി.ഐ. കേസെടുത്തത്. 1999-ലാണ് ഈ കേസില്‍ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചത്. ഇറ്റാലിയന്‍ വ്യവസായിയും ബൊഫേഴ്‌സ് ഇടപാടിലെ ഇടനിലക്കാരനുമായ ഒട്ടാവിയോ ക്വത്‌റോച്ചി, മുന്‍ പ്രതിരോധ സെക്രട്ടറി എസ്.കെ. ഭട്ട്‌നഗര്‍, ആര്‍ട്‌ബോ, ബൊഫേഴ്‌സ് കമ്പനി എന്നിവരെ പ്രതികളാക്കിയായിരുന്നു ആദ്യത്തെ കുറ്റപത്രം. 2000-ത്തില്‍ ഈ കേസുമായി ബന്ധപ്പെട്ട് ഹിന്ദുജ സഹോദരന്മാര്‍ക്കെതിരേ അനുബന്ധ കുറ്റപത്രവും സി.ബി.ഐ. സമര്‍പ്പിച്ചു.
ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ബൊഫേഴ്‌സ് കേസുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, ഈ കേസില്‍ നടന്‍ അമിതാഭ് ബച്ചനെ കുടുക്കാന്‍ ഇടപെട്ടത് ഇന്ത്യന്‍ അന്വേഷണസംഘമാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തക ചിത്ര സുബ്രഹ്‌മണ്യം ഇയ്യിടെ വെളിപ്പെടുത്തിയിരുന്നു. ബൊഫേഴ്സ് അഴിമതി വെളിച്ചത്തുകൊണ്ടുവന്ന ചിത്രയുടെ, പുതിയ പുസ്തകമായ ‘ബൊഫേഴ്സ് ഗേറ്റ്-എ ജേണലിസ്റ്റ്സ് പേഴ്സ്യൂട്ട് ഓഫ് ട്രൂത്ത്’ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ രജിസ്റ്റര്‍ചെയ്ത എഫ്.ഐ.ആറില്‍ ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്റെ പേരില്ലായിരുന്നു. ബൊഫോഴ്സ് കമ്പനിയില്‍നിന്ന് കോഴകൈപ്പറ്റിയ അഞ്ചുപേരെയും അവരുടെ സ്വിസ്ബാങ്ക് അക്കൗണ്ടുകളെപ്പറ്റിയും വിശദാംശങ്ങള്‍ ലഭിച്ചിരുന്നു. കേസന്വേഷണത്തിനായി നിയോഗിക്കപ്പെട്ട ഇന്ത്യന്‍ സംഘാംഗങ്ങളാണ് ആറാമതൊരു സ്വിസ് ബാങ്ക് അക്കൗണ്ടുടമകൂടിയുണ്ടെന്ന തെറ്റായവിവരം തന്നെ ധരിപ്പിച്ചതെന്നാണ് ചിത്ര വെളിപ്പെടുത്തിയത്.
The Bofors case that shook the Congress is being revived