തിരുവനന്തപുരം: നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തിന് ഇന്ന് രാവിലെ തുടക്കമായി. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ആദ്യ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം തുടങ്ങിയത്. സര്‍ക്കാര്‍ തയാറാക്കി മന്ത്രിസഭ അംഗീകരിച്ചു നല്‍കിയ പ്രസംഗം ഗവര്‍ണര്‍ അതേപടി അംഗീകരിക്കുകയും മാറ്റങ്ങളൊന്നും നിര്‍ദേശിച്ചിട്ടില്ലെന്നുമാണ് വിവരം.
ആദ്യമായി കേരള നിയമസഭയിലെത്തിയ ഗവര്‍ണര്‍ മലയാളത്തില്‍ നമസ്‌കാരം പറഞ്ഞായിരുന്നു പ്രസംഗിച്ചു തുടങ്ങിയത്. ‘എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ പ്രഖ്യാപിച്ചു. ഡിജിറ്റല്‍ വിഭജനം കുറച്ചുവരാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിദരിദ്രരെ കണ്ടെത്തി ദാരിദ്ര്യം ഇല്ലാതാക്കാന്‍ നടപടിയെടുക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ‘ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കും. എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പിക്കാന്‍ പദ്ധതികളുണ്ടാകും. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ തീവ്രശ്രമമുണ്ടാകും. വികസനപാതയിലേക്കുള്ള കേരളത്തിന്റെ പ്രവൃത്തികള്‍ ലോക ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. നവകേരള നിര്‍മാണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്കും മുന്‍ഗണന നല്‍കും. കേരളത്തെ ഭൂരഹിതര്‍ ഇല്ലാത്ത സംസ്ഥാനം ആക്കും’, ഗവര്‍ണര്‍ പറഞ്ഞു.