എംബസിയുടെ പേരില്‍ കോള്‍ വരും, പാസ്പോര്‍ട്ടിലും വിസയിലുമടക്കം തെറ്റുണ്ടെന്ന് പറയും ; ഭൂലോക തട്ടിപ്പാണേ… വീണുപോകരുതേയെന്ന് ഇന്ത്യന്‍ എംബസി

വാഷിംഗ്ടണ്‍ : പാസ്പോര്‍ട്ട്, വിസ ഫോം, ഇമിഗ്രേഷന്‍ ഫോമുകള്‍ അല്ലെങ്കില്‍ അതിലേറെ പ്രധാനപ്പെട്ട രേഖകളില്‍ പിശകുകള്‍ ഉണ്ടെന്ന് അവകാശപ്പെട്ടുള്ള വ്യാജ കോളുകളില്‍ വീണു പോകരുതെന്ന് യുഎസിലെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്.

എംബസിയുടേതിന് സമാനമായ നമ്പറുകളില്‍ നിന്നുപോലുംതട്ടിപ്പുകാര്‍ വിളിക്കാം. ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ പോലുള്ള വ്യക്തിഗത വിവരങ്ങള്‍ അവര്‍ തേടും. പാസ്പോര്‍ട്ട്, വിസ ഫോം, ഇമിഗ്രേഷന്‍ ഫോമുകള്‍ അല്ലെങ്കില്‍ അതിലേറെ പ്രധാനപ്പെട്ട രേഖകളില്‍ പിശകുകള്‍ ഉണ്ടെന്ന് അവകാശപ്പെട്ടായിരിക്കും തട്ടിപ്പ്. അതികൊണ്ടുതന്നെ പെട്ടെന്ന് ഇതൊരു തട്ടിപ്പാണെന്നുപോലും മനസിലാക്കാന്‍ സാധിച്ചെന്നു വരില്ല. ഇന്ത്യന്‍ പൗരന്മാരെയാണ് ഇത്തരക്കാര്‍ കൂടുതലും ലക്ഷ്യംവയ്ക്കുന്നത്.

പണം നല്‍കി തിരുത്താനാകുന്ന തെറ്റുകളാണ് നിര്‍ണായക രേഖകളിലുള്ളതെന്നും ഇവ തിരുത്തിയില്ലെങ്കില്‍ ഇന്ത്യയിലേക്ക് നാടുകടത്താനോ യുഎസില്‍ തടവിലാക്കാനോ സാധ്യതയുണ്ടെന്ന് തട്ടിപ്പുകാര്‍ പറയും. ഇതു കേള്‍ക്കുന്നതോടെ ആശങ്കയിലാകുന്നവര്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളോ ബാങ്ക് വിവരങ്ങളോ നല്‍കി ചതിയില്‍പ്പെടാന്‍ സാധ്യതയുണ്ട്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നല്‍കുന്നു.

യുഎസിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് പുറമേ, ചില വിസ അപേക്ഷകര്‍ക്കും എംബസിയില്‍ നിന്നെന്ന വ്യാജേന കോളുകള്‍ ലഭിച്ചിട്ടുണ്ട്. എംബസി അത്തരം കോളുകള്‍ വിളിക്കില്ലെന്നും ഒരു ഇന്ത്യക്കാരനോ വിദേശ പൗരനോ ഇത്തരം വിവരങ്ങള്‍ ആരാഞ്ഞാല്‍ നല്‍കരുതെന്നും മുന്നറിയിപ്പുണ്ട്. ഒരു അപേക്ഷകനില്‍ നിന്ന് എന്തെങ്കിലും അധിക രേഖകള്‍ ആവശ്യമുണ്ടെങ്കില്‍ പോലും, അത് ‘http://@mea.gov.in‘ എന്ന ഡൊമെയ്നുള്ള ഔദ്യോഗിക ഇമെയില്‍ അക്കൗണ്ടുകള്‍ വഴി മാത്രമേ ആവശ്യപ്പെടൂ.

ആര്‍ക്കെങ്കിലും സംശയാസ്പദമായ തട്ടിപ്പ് കോളുകള്‍ ലഭിച്ചാല്‍, http://cons1.washington[at]mea.gov.in എന്ന ഇമെയില്‍ ഐഡിയില്‍ എംബസിയെ അറിയിക്കാം. വ്യാജ ടെലിഫോണ്‍ കോളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ക്ക് ഒരു ഫോം പൂരിപ്പിച്ച് cpers.washington@mea.gov.in എന്ന വിലാസത്തിലേക്ക് ഇമെയില്‍ വഴിയും വിവരങ്ങള്‍ നല്‍കാം.

More Stories from this section

family-dental
witywide