
തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാര്‍. ഇതിനായി 100 കോടിയിലേറെ രൂപ ചെലവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനാല്‍ കഴിഞ്ഞ വര്‍ഷം ആഘോഷം ഒഴിവാക്കേണ്ടിവന്നിരുന്നു.
നാളെ കാസര്‍കോട്ട് ആരംഭിച്ചു മേയ് 23നു തിരുവനന്തപുരത്ത് അവസാനിക്കുന്ന തരത്തിലാണ് പരിപാടി. എല്ലാ ജില്ലയിലും എന്റെ കേരളം എന്ന പേരില്‍ 7 ദിവസത്തെ പ്രദര്‍ശന, വിപണന മേളകള്‍ സംഘടിപ്പിക്കും.
വാര്‍ഷികത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ സംവാദ പരിപാടി എല്ലാ ജില്ലയിലും നടത്തും. ക്ഷണക്കത്ത് അച്ചടിച്ച് പാര്‍ട്ടി ഓഫിസുകള്‍ വഴി പ്രമുഖരെ കണ്ടെത്തി നടത്തുന്ന പരിപാടിക്കുള്ള ചെലവ് പ്രത്യേകമാണ്. പിന്നാലെ മേഖലാതല യോഗങ്ങള്‍ വരും. ജില്ലാതല യോഗങ്ങള്‍ നടക്കുന്ന ദിവസം എല്‍ഡിഎഫ് റാലിയും നടത്തും.
ശീതീകരിച്ച പന്തലുകള്‍ക്കും സൗകര്യങ്ങള്‍ക്കുമായി 42 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ നിര്‍മാണച്ചുമതല ഊരാളുങ്കല്‍ സൊസൈറ്റിയുടെ കീഴിലുള്ള സ്ഥാപനത്തിനാണ്.