ഗാസ : അവസാന നിമിഷത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ഗാസയില്‍ സമാധാനം പുലരുന്നു. 15 മാസം പിന്നിട്ട യുദ്ധത്തിന് അന്ത്യം കുറിച്ച് ഗാസ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. ആദ്യം മോചിപ്പിക്കുന്ന മൂന്നു ബന്ദികളുടെ പേരുവിവരങ്ങള്‍ ഹമാസ് കൈമാറാത്തതിനാല്‍ ഇസ്രയേല്‍ ഉടക്കി നിന്നിരുന്നു. ബന്ദികളുടെ വിവരങ്ങള്‍ ഹമാസ് ഇസ്രയേലിന് കൈമാറിയതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്.
വെറ്ററിനറി നഴ്‌സായ ഡോറോന്‍ സ്‌റ്റൈന്‍ബ്രെച്ചര്‍ (31), ഇസ്രയേല്‍ബ്രിട്ടിഷ് പൗരത്വമുള്ള എമിലി ദമാരി (28), റോമി ഗോനെന്‍ (24) എന്നീ മൂന്നു വനിതകളുടെ പേരുകളാണ് കൈമാറിയത്.
പ്രാദേശിക സമയം രാവിലെ എട്ടരയ്ക്ക് കരാര്‍ നടപ്പാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ നടപ്പാകുന്ന സമയത്തിന് അരമണിക്കൂര്‍ മുന്‍പ് ഇസ്രയേല്‍ കരാറില്‍നിന്ന് പിന്മാറുകയായിരുന്നു. പിന്നീട് നീണ്ട അനിശ്ചിതത്വത്തിനു ശേഷമാണ് ഇപ്പോള്‍ ബന്ദികളുടെ പേരുകള്‍ മധ്യസ്ഥരായ ഖത്തര്‍ മുഖേന ഹമാസ് കൈമാറിയത്.എന്നാല്‍ ബന്ദികളെ എവിടെവച്ച് കൈമാറുമെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല.
ആദ്യം പ്രാദേശിക സമയം വൈകുന്നേരം നാലിന് (ഇന്ത്യന്‍ സമയം രാത്രി ഏഴിന്) ബന്ദികളെ കൈമാറാമെന്നാണ് അറിയിച്ചിരുന്നത്. പലസ്തീന്‍ തടവുകാരെ ഇസ്രയേലും വിട്ടയയ്ക്കും. ഇതും എവിടെവച്ചാണെന്നു പുറത്തുവന്നിട്ടില്ല.