
താനൂര്‍ : താനൂരില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളുമായി ഇന്ന് തന്നെ മുംബൈയില്‍ നിന്ന് മടങ്ങുമെന്ന് പൊലീസ് അറിയിച്ചു. ഗരീബ് രഥ് എക്സ്പ്രസിലായിരിക്കും കുട്ടികളെ നാട്ടിലെത്തിക്കുക. വൈകുന്നേരം അഞ്ചരയോടെയാണ് ട്രെയിനില്‍ പൂനെയില്‍ നിന്ന് മടങ്ങാനാണ് നീക്കം. നാളെ ഉച്ചയ്ക്ക് 12 മണിയോടെ തിരൂരിലെത്തും.
അതേസമയം, പെണ്‍ കുട്ടികളുടേത് സാഹസിക യാത്രയാണെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ഒപ്പം പോയ ഇന്‍സ്റ്റഗ്രാം സുഹൃത്തായ യുവാവിന്റേത് സഹായമെന്ന നിലയിലാണ് ഇപ്പോള്‍ കാണുന്നതെന്നും മലപ്പുറം എസ്പി പറഞ്ഞു.
കുട്ടികളെ കണ്ടെത്താനായതിലെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു. മാത്രമല്ല, മുംബൈ പൊലീസിനും ആര്‍പിഎഫിനും മുംബൈയിലെ മലയാളി സമാജത്തിനും നന്ദി പറഞ്ഞയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടികള്‍ മുംബൈയിലെത്തിയെന്ന് ഇന്നലെ പൊലീസ് കണ്ടെത്തിയിരുന്നു. പിന്നാലെ റെയില്‍വേ പൊലീസിന്റെ സഹായത്തോടെ കുട്ടികളെ കണ്ടെത്തി.
വീട്ടില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നും കുടുംബത്തോടൊപ്പം തുടരാന്‍ കഴിയില്ലെന്നും പെണ്‍കുട്ടികളിലൊരാള്‍ ആണ്‍ സുഹൃത്തിനോട് പറഞ്ഞിരുന്നു. വിദ്യാര്‍ഥിനികളില്‍ ഒരാള്‍ ആവശ്യപ്പെട്ടതു കൊണ്ടാണ് യുവാവ് ഒപ്പം പോയതെന്നാണ് എടവണ്ണ സ്വദേശിയായ യുവാവിന്റെ കുടുംബാംഗങ്ങള്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയാണെന്ന് പറഞ്ഞപ്പോള്‍ യുവാവ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. സഹായിച്ചാലും ഇല്ലെങ്കിലും താന്‍ പോകുമെന്ന് പെണ്‍കുട്ടി പറഞ്ഞെന്നും യുവാവിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. കുട്ടിയുടെ ദുരവസ്ഥ കണ്ടാണ് ഇയാള്‍ കൂടെ പോയതെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.
മുംബൈയിലെ ലാസ്യ സലൂണില്‍ എത്തിയ പെണ്‍കുട്ടികള്‍ പെട്ടെന്ന് തിരിച്ചറിയാതിരിക്കാന്‍ മുടി മുറിച്ചിരുന്നു. മുഖം മറച്ചാണ് ഇരുവരും എത്തിയത്. ഹിന്ദിയോ ഇംഗ്ലീഷോ സംസാരിക്കാത്ത പെണ്‍കുട്ടികള്‍ക്ക് മലയാളം മാത്രമാണ് അറിയാമായിരുന്നത്. മലയാളം അറിയാവുന്ന ജീവനക്കാരന്‍ പെണ്‍കുട്ടികള്‍ക്കൊപ്പം നിന്നു. മുഖത്തിന്റെ ലുക്ക് മാറ്റണമെന്നും വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ടു. 10000 രൂപയ്ക്കാണ് രണ്ടുപേരുംകൂടി മുടിയില്‍ ട്രീറ്റ്‌മെന്റ് ചെയ്തത്. ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് വന്നതെന്നും പന്‍വേലിലേക്ക് പോകുമെന്നും ജീവനക്കാരോട് ഇവര്‍ പറഞ്ഞിരുന്നു.