
റോമിലെ എസ്ക്വിലിൻ കുന്നിൻ മുകളിലാണ് സെന്റ് മേരി മേജർ പേപ്പൽ ബസിലിക്ക. ഫ്രാൻസിസ് പാപ്പ നിരന്തരം ഓടിയെത്താറുണ്ടായിരുന്ന ബസിലിക്ക, അവിടെ എന്നും മുട്ടുകുത്തുന്ന മാതാവിൻ്റെ അരികെ തനിക്ക് അന്ത്യവിശ്രമം ഒരുക്കണം എന്നാണ് പാപ്പ മരണപത്രത്തിൽ കുറിച്ചിരുന്നത്.
റോമിലെ ജനങ്ങളുടെ രക്ഷകയായ കന്യകാമറിയത്തിന്റെ (‘സാലസ് പോപ്പുലി റൊമാനി’ ) ചിത്രത്തിന് അരികിലാണ് ഫ്രാൻസിസ് മാർപാപ്പയ്ക്കു കബറിടം ഒരുക്കിയിട്ടുള്ളത്. സെന്റ് ഫ്രാൻസിസിന്റെ അൾത്താരയ്ക്ക് സമീപം, പൗളിൻ ചാപ്പലിനും (സാലസ് പോപ്പുലി റൊമാനി ചാപ്പൽ) സ്ഫോർസ ചാപ്പലിനും ഇടയിലാണ് കബറിടം സ്ഥിതി ചെയ്യുന്നത്.
ഫ്രാൻസിസ് മാർപ്പാപ്പയുടെ കബറിടം ഇറ്റാലിയൻ മേഖലയായ ലിഗൂറിയയിൽ നിന്നുള്ള മണ്ണും കല്ലുകളും കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കുടീരത്തിനൊപ്പമുള്ള സ്മാരകശിലയിൽ ഒറ്റവാക്ക് മാത്രം – ഫ്രാൻസിസ് പിന്നെ എന്നും നെഞ്ചോടു ചേർന്നു നിന്നിരുന്ന കുരിശുരൂപത്തിന്റെ പകർപ്പും. ലിഗൂറിയ ഫ്രാൻസിസ് മാർപാപ്പയുടെ പൂർവികരുടെ ദേശമായിരുന്നു. അവിടെ നിന്നുള്ള മണ്ണിൽ വേണം തനിക്ക് അന്ത്യവിശ്രമം എന്ന ആഗ്രഹം അദ്ദേഹം അറിയിച്ചിരുന്നു. പാപ്പയുടെ അമ്മയുടെ മുത്തച്ഛനും മുത്തശ്ശിയും ലീഗൂറിയയിൽ നിന്ന് അർജൻ്റീനയിലേക്ക് കുടിയേറി പാർത്തവരാണ്.

മാർപാപ്പയായി ചുമതലയേറ്റതിനു ശേഷം ഫ്രാൻസിസ് പാപ്പ മേരി മേജർ ബസിലിക്കയിലെ കന്യകാമറിയത്തിന്റെ ചിത്രത്തിനു മുന്നിൽ പ്രാർഥിക്കാനെത്തുന്നതു പതിവായിരുന്നു. വത്തിക്കാനു പുറത്തേക്കുള്ള ഒരോ യാത്രകൾക്കു മുൻപും ശേഷവും ഫ്രാൻസിസ് പാപ്പ ഇവിടെ പ്രാർഥിക്കാനെത്തും. ഏറ്റവുമൊടുവിൽ, 38 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷവും മാർപാപ്പ ഇവിടം സന്ദർശിച്ചിരുന്നു.
പരിശുദ്ധ കന്യകാമറിയത്തിന്റെ പേരിലുള്ള റോമിലെ ഏറ്റവും വലിയ ദേവാലമാണിത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ബസിലിക്ക. ഇതിൻ്റെ നിർമാണം ആരംഭിച്ചതു ക്രിസ്തുവർഷം 432ലാണ്. പിന്നീട് പലവട്ടം പുതുക്കിപ്പണിയുകയും മോടിപിടിപ്പിക്കുകയും ചെയ്തു.
വത്തിക്കാൻ സിറ്റിക്കു പുറത്താണ് ബസിലിക്ക എങ്കിലും വത്തിക്കാൻ ഭരണകൂടത്തിന്റെ അധികാര പരിധിയിലാണിത് . ഒരു വിദേശ എംബസിയുടേതിനു സമാനമായ നയതന്ത്ര പദവിയാണ് റോമിൽ ഈ ബസിലിക്കയ്ക്കുമുള്ളത്. പ്രധാന അൾത്താരയിൽ മാർപാപ്പയ്ക്കും ബസിലിക്കയുടെ ചുമതലയുള്ള ആർച്ച് പ്രീസ്റ്റിനും മറ്റു പ്രധാന കർദിനാൾമാർക്കും മാത്രമാണു കുർബാന അർപ്പിക്കാൻ അനുമതിയുള്ളത്.
വാസ്തുവിദ്യ റോമൻ വാസ്തുവിദ്യയുടെ മികച്ച ഉദാഹരണങ്ങളിലൊന്നാണു ബസിലിക്ക. അഞ്ചാം നൂറ്റാണ്ടിലെ മാർബിളുകൾ ഉപയോഗിച്ചുള്ള തറയാണ് ഇപ്പോഴുമുള്ളത്. മേൽക്കൂരയിൽ സ്വർണം ഉൾപ്പെടെയുള്ളവ ഉപയോഗിച്ചു രൂപം നൽകിയ ചിത്രപ്പണികളുണ്ട്. റോമിലെ ഏറ്റവും ഉയരം കൂടിയ മാളികയാണിത്. 75 മീറ്റർ ഉയരമുണ്ട്. 92 മീറ്റർ നീളവും 80 മീറ്റർ വീതിയുമുണ്ട്.
ഉണ്ണിയേശുവിൻ്റെ തൊട്ടിലിൻ്റെ ഭാഗമായ അത്തിമര കഷ്ണം തിരുശേഷിപ്പായി ഈ ബസിലിക്കയിലുണ്ട്.
The Papal Basilica of St. Mary Major in Rome