
വത്തിക്കാന്‍ സിറ്റി: കടുത്ത ശ്വാസ തടസ്സത്തെത്തുടര്‍ന്ന് ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യത്തില്‍ കാര്യമായ പുരോഗതി. യന്ത്ര സഹായമില്ലാതെ കുറച്ചധികസമയം ശ്വസിക്കാനായെന്നും ആരോഗ്യം മെച്ചപ്പെടുന്നുവെന്നും വത്തിക്കാന്‍ അറിയിച്ചു. അധികം വൈകാതെതന്നെ അദ്ദേഹത്തിന് യ്ന്ത്ര സഹായമില്ലാതെ പൂര്‍ണമായും ശ്വസിക്കാനാകുമെന്ന വിശ്വാസവും ഡോക്ടര്‍മാര്‍ പങ്കുവെച്ചു.
ആശുപത്രിവാസം തുടങ്ങിയതിനു ശേഷമുള്ള മാര്‍പാപ്പയുടെ ചിത്രം ഇന്നലെ വത്തിക്കാന്‍ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ശുഭവാര്‍ത്ത എത്തുന്നത്.
ഫെബ്രുവരി 14 മുതല്‍ റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന 88 കാരനായ മാര്‍പാപ്പ സമീപ വര്‍ഷങ്ങളില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയതും ഗുരുതരവുമായ ആശുപത്രിവാസമാണിത്. രണ്ട് ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ചികിത്സയിലായ അദ്ദേഹത്തിന്റെ ആരോഗ്യം ഇടയ്ക്ക് ഗുരുതരമാകുകയും ആശങ്ക സൃഷ്ടിക്കുകയും ചെയ്തിരുന്നു.