ട്രംപുമായി ഉടക്കിയാല്‍ വെറുതേ വിടില്ല ! യുക്രെയ്‌ന് കനത്ത പ്രഹരം നല്‍കി യുഎസ്‌, സൈനിക സഹായം ‘താല്‍ക്കാലികമായി നിര്‍ത്താന്‍’ ഉത്തരവിട്ട് ട്രംപ്

വാഷിംഗ്ടണ്‍ : യുക്രെയ്നിനുള്ള യുഎസ് സൈനിക സഹായം ‘താല്‍ക്കാലികമായി നിര്‍ത്താന്‍’ ഉത്തരവിട്ട് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.

തിങ്കളാഴ്ച ഓവല്‍ ഓഫീസില്‍ ട്രംപുമായി യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിനടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞതിനു പിന്നാലെയാണ് യുക്രെയ്‌നെ സമ്മര്‍ദ്ദത്തിലാക്കുന്ന നീക്കം ട്രംപ് നടത്തിയത്. യുക്രെയ്‌നെ റഷ്യയുമായുള്ള സമാധാന ചര്‍ച്ചകളിലേക്ക് തള്ളിവിടുക എന്നതാണ് ഇപ്പോഴുള്ള ട്രംപിന്റെ നീക്കത്തിനു പിന്നിലെ ലക്ഷ്യം.

റഷ്യയുടെ പൂര്‍ണ്ണ തോതിലുള്ള അധിനിവേശത്തിനുശേഷം മൂന്ന് വര്‍ഷത്തിലേറെയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ സെലെന്‍സ്‌കി പൂര്‍ണ്ണ പ്രതിബദ്ധത കാണിക്കണമെന്ന് ട്രംപ് ആഗ്രഹിക്കുന്നുവെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറയുന്നു.

വ്യോമമാര്‍ഗ്ഗമോ കടല്‍മാര്‍ഗ്ഗമോ ഉള്ള ആയുധങ്ങളും പോളണ്ടിലെ ട്രാന്‍സിറ്റ് ഏരിയകളില്‍ സൂക്ഷിച്ചിരിക്കുന്നവയും ഉള്‍പ്പെടെ എല്ലാ യുഎസ് സൈനിക ഉപകരണങ്ങളും നല്‍കുന്നത് നിര്‍ത്തലാക്കുമെന്നാണ് റിപ്പോര്‍ട്ട്. സൈനിക സഹായം താല്‍ക്കാലികമായി നിര്‍ത്താന്‍ ട്രംപ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനോട് നിര്‍ദ്ദേശിച്ചതായാണ് വിവരം.

വാക്കുകളുടെ കടുത്ത പ്രയോഗത്തെത്തുടര്‍ന്ന് ഇരു നേതാക്കളുടെയും ചര്‍ച്ച രാജ്യാന്തര ശ്രദ്ധനേടിയിരുന്നു. സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാകാത്ത നേതാക്കള്‍ ‘വളരെക്കാലം നിലനില്‍ക്കില്ല’ അല്ലെങ്കില്‍ ‘അധികകാലം ശ്രദ്ധിക്കപ്പെടില്ല’ എന്നും ട്രംപ് സെലന്‍സ്‌കിയെ ഉദ്ദേശിച്ച് അഭിപ്രായപ്പെട്ടിരുന്നു.

കഴിഞ്ഞയാഴ്ച ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും സെലെന്‍സ്‌കിയോട് യുഎസ് പിന്തുണയ്ക്ക് യുക്രെയ്‌ന് നന്ദിയില്ലെന്ന് ആരോപിച്ച് രംഗത്തെത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. പെട്ടെന്ന് യുക്രേനിയന്‍ പ്രതിനിധി സംഘത്തോട് വൈറ്റ് ഹൗസില്‍ നിന്നും സ്ഥലം വിടാന്‍ ആവശ്യപ്പെട്ടത് വളരെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ട്രംപ് സഖ്യകക്ഷികളും സെലെന്‍സ്‌കിക്കുമേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ട്രംപിന്റെ സമാധാന ശ്രമങ്ങളുമായി യുക്രെയ്ന്‍ സഹകരിക്കുകയോ സ്ഥാനമൊഴിഞ്ഞ് യുക്രെയ്‌ന് പുതിയ നേതൃത്വം കണ്ടെത്തുകയോ ചെയ്യണമെന്ന് ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ നിര്‍ദ്ദേശിച്ചു.

More Stories from this section

family-dental
witywide