പ്രാര്‍ത്ഥനാനിരതനായി ശിരസ്താഴ്ത്തി അദ്ദേഹം ഇരിക്കുന്നു…ഒരു മാസത്തിനു ശേഷം മാര്‍പാപ്പയുടെ ചിത്രം പുറത്തുവിട്ട് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി : ഒരു മാസത്തിലേറെയായി ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിത്രം പുറത്തുവിട്ട് വത്തിക്കാന്‍. ഫെബ്രുവരി 14 ന് കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനു ശേഷം രോഗം ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയും ആശങ്ക സൃഷ്ടിക്കുകയും ചെയ്തിരുന്നു. പക്ഷേ പതിയെ പതിയെ അദ്ദേഹം ആരോഗ്യം വീണ്ടെക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ മാര്‍പാപ്പയുടെ ആരോഗ്യ വിവരങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടിരുന്നെങ്കിലും അദ്ദേഹത്തിന്റെ ചിത്രങ്ങളൊന്നും നല്‍കിയിരുന്നു. ഒരു മാസത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച എല്ലാവര്‍ക്കുമായി വത്തിക്കാന്‍ പുതിയ ചിത്രം പങ്കുവെച്ചത്.

പുതിയ ചിത്രത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പര്‍പ്പിള്‍ ഷാള്‍ ധരിച്ച്, ചുമരില്‍ ഒരു കുരിശുരൂപമുള്ള ഒരു ബലിപീഠത്തിന് മുന്നില്‍ വീല്‍ചെയറില്‍ ഇരിക്കുന്നതായി കാണാം. ‘ഇന്ന് രാവിലെ ഫ്രാന്‍സിസ് മാര്‍പാപ്പ ജെമെല്ലി പോളിക്ലിനിക്കിന്റെ പത്താം നിലയിലുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ ചാപ്പലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു,’ എന്നാണ് വത്തിക്കാന്‍ പ്രസ് ഓഫീസ് ഫോട്ടോയോടൊപ്പം എഴുതിയത്.

ഞായറാഴ്ച ആശുപത്രിയില്‍ നിന്നുള്ള ഒരു സന്ദേശത്തില്‍ അദ്ദേഹം പ്രാര്‍ത്ഥനകള്‍ക്ക് അഭ്യുദയകാംക്ഷികള്‍ക്ക് നന്ദി പറഞ്ഞിരുന്നു. ‘ഞാന്‍ ഒരു പരീക്ഷണ കാലഘട്ടത്തെ അഭിമുഖീകരിക്കുമ്പോള്‍ ഈ ചിന്തകള്‍ നിങ്ങളുമായി പങ്കിടുന്നു, ഈ സമയത്ത്, എന്നെപ്പോലെ ദുര്‍ബലരായ, രോഗികളായ നിരവധി സഹോദരീസഹോദരന്മാരോടൊപ്പം ഞാനും ചേരുന്നു. നമ്മുടെ ശരീരങ്ങള്‍ ദുര്‍ബലമാണ്, പക്ഷേ ഇങ്ങനെയാണെങ്കിലും, സ്‌നേഹിക്കുന്നതില്‍ നിന്നും, പ്രാര്‍ത്ഥിക്കുന്നതില്‍ നിന്നും, നമ്മെത്തന്നെ സമര്‍പ്പിക്കുന്നതില്‍ നിന്നും, പരസ്പരം വിശ്വാസത്തില്‍ ആയിരിക്കുന്നതില്‍ നിന്നും, പ്രത്യാശയുടെ തിളങ്ങുന്ന അടയാളങ്ങളില്‍ നിന്നും നമ്മെ തടയാന്‍ യാതൊന്നിനും കഴിയില്ല,’ വത്തിക്കാന്‍ പ്രസിദ്ധീകരിച്ച സന്ദേശത്തില്‍ മാര്‍പാപ്പ എഴുതി.
.

More Stories from this section

family-dental
witywide