
ന്യൂഡല്‍ഹി: ലോകം സൂര്യനുചുറ്റും മറ്റൊരു ഭ്രമണം അടയാളപ്പെടുത്തുമ്പോള്‍, ഇന്ത്യയില്‍, പ്രധാന നഗരങ്ങളിലെല്ലാം വലിയ സമ്മേളനങ്ങളും പാര്‍ട്ടികളുമായി പുതുവത്സര ആഘോഷങ്ങള്‍ ആരംഭിച്ചു. ചൊവ്വാഴ്ച രാത്രി ഗംഭീരമായ ആഘോഷങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയോടെ ലോകം 2025-നെ സ്വാഗതം ചെയ്തു.
ഡല്‍ഹിയിലെ പ്രശസ്തമായ ഇടങ്ങളായ ഇന്ത്യാ ഗേറ്റ്, ഹൗസ് ഖാസ്, കൊണാട്ട് പ്ലേസ്, ലജ്പത് നഗര്‍ എന്നിവ ആളുകളെക്കൊണ്ട് നിറഞ്ഞു. മുംബൈയിലെ ജുഹു ബീച്ച്, ചൗപാട്ടി ബീച്ച്, ബാന്ദ്രയിലെ കാര്‍ട്ടര്‍ റോഡ് എന്നിവ അലങ്കരിച്ച് ആളുകളെക്കൊണ്ട് നിറഞ്ഞു. വെടിക്കെട്ടുകള്‍ കാണാന്‍ മറൈന്‍ ഡ്രൈവിലും ആളുകള്‍ തടിച്ചുകൂടി.
പഞ്ചാബിലെ അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ആളുകള്‍ ഒത്തുകൂടി. മധ്യപ്രദേശിലെ ഭോപ്പാലിലും ഉത്തര്‍പ്രദേശിലെ ലഖ്നൗവിലും ആളുകള്‍ തെരുവുകളില്‍ നൃത്തം ചെയ്യുകയും ആഘോഷിക്കുകയും ചെയ്തു. ശ്രീനഗറിലെ ക്ലോക്ക് ടവറില്‍ പുതുവത്സരം ആഘോഷിക്കാന്‍ ജനക്കൂട്ടം തടിച്ചുകൂടി. ഹിമാചല്‍ പ്രദേശിലെ മണാലിയിലും പുതുവര്‍ഷ ആഘോഷം കെങ്കേമമായി.
തമിഴ്നാട്ടിലെ കോയമ്പത്തൂരിലും ചെന്നൈയിലും വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് പുതുവര്‍ഷ ആഘോഷം നടന്നത്.
കേരളത്തില്‍ കോവളം, വര്‍ക്കല, ഫോര്‍ട്ട് കൊച്ചി, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ തോതിലുള്ള ആഘോഷങ്ങളാണ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, സ്ഥാനമൊഴിഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പുതുവത്സര ആശംസകള്‍ നേര്‍ന്നു.
പുതുവര്‍ഷ രാവില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജ്യത്തിന് ആശംസകള്‍ നേര്‍ന്നു.’പുതുവര്‍ഷത്തിന്റെ സന്തോഷകരമായ അവസരത്തില്‍, ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും ഞാന്‍ എന്റെ ഹൃദയംഗമമായ ആശംസകള്‍ അറിയിക്കുന്നുവെന്നും പുതുവര്‍ഷത്തിന്റെ വരവ് പുതിയ പ്രതീക്ഷകളുടെയും സ്വപ്‌നങ്ങളുടെയും തുടക്കം കുറിക്കുന്നുവെന്നും മുര്‍മു പറഞ്ഞു. സന്തോഷത്തോടും ഉത്സാഹത്തോടും കൂടി നമുക്ക് പുതുവര്‍ഷത്തെ സ്വാഗതം ചെയ്യാമെന്നും നമ്മുടെ സമൂഹത്തെയും രാജ്യത്തെയും ഐക്യത്തിന്റെയും മികവിന്റെയും പാതയിലേക്ക് നയിക്കുകയും ചെയ്യാമെന്നും രാഷ്ട്രപതി ആശംസിച്ചു.