
മുസഫര്‍നഗര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്ത് അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷകനായെത്തിയ യുവാവും കാമുകിയും വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കാമുകി മരണത്തിന് കീഴടങ്ങി. 25 വയസ്സുകാരനായ രജത് കുമാറും കാമുകി മനു കശ്യപുമായുള്ള ബന്ധം വീട്ടുകാര്‍ എതിര്‍ത്തതോടെയാണ് ഇരുവരും ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.
2022 ഡിസംബറില്‍ ഋഷഭ് പന്തിന്റെ കാര്‍ അപകടത്തില്‍പെട്ട് താരത്തിന് ഗുരുതരമായി പരുക്കേറ്റപ്പോള്‍ ആദ്യം ഓടിയെത്തിയ രണ്ടു പേരില്‍ ഒരാളാണ് രജത് കുമാര്‍. ഇതോടെ യുവാവ് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഉത്തരാഖണ്ഡിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ, ഋഷഭ് പന്ത് ഓടിച്ച കാര്‍ റൂര്‍ക്കിയില്‍ വച്ച് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. അടുത്തുള്ള ഫാക്ടറിയില്‍ ജോലി ചെയ്യുകയായിരുന്ന യുവാക്കളാണ് തീപിടിച്ച കാറില്‍നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ വലിച്ചു പുറത്തെടുത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജീവന്‍ രക്ഷിച്ച യുവാക്കള്‍ക്ക് ഋഷഭ് പന്ത് അടുത്തിടെ സ്‌കൂട്ടര്‍ സമ്മാനിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് രജത് കുമാറിനെയും കാമുകി മനു കശ്യപിനെയും ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയിലെ ബുച്ച ബസ്തി ഗ്രാമത്തില്‍ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മനു കശ്യപിനെ രക്ഷിക്കാനായില്ല. രജത് കുമാറിന്റെ നില ഇപ്പോഴും ഗുരുതരമാണ്. അതേസമയം, രജത് തന്റെമകളെ തട്ടിക്കൊണ്ടുപോയി വിഷം നല്‍കിയതാണെന്ന് മനു കശ്യപിന്റെ മാതാവ് ആരോപിച്ചു.