
വത്തിക്കാന്‍ സിറ്റി : വാര്‍ധക്യസഹജമായ രോഗവാസ്ഥയിലൂടെ കടന്നുപോയ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെയാണ് ലോകത്തോട് വിടപറഞ്ഞത്. ലോകം വല്ലാത്ത ദുഖഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ പുതിയ മഹാ ഇടയന്‍ ആരെന്ന ചോദ്യവും ഉയരുന്നുണ്ട്.
നൂറ്റിനാല്‍പത് കോടിയിലേറെ പേരുള്ള ആഗോള കത്തോലിക്കാ സഭയുടെ തലവനാണ് മാര്‍പാപ്പ. റോം എന്ന സ്വതന്ത്ര രാജ്യത്തിന്റെ ഭരണാധികാരിയും ഇദ്ദേഹമാണ്. ഏറ്റവും ഒടുവിലത്തെ മാര്‍പാപ്പയായ പോപ് ഫ്രാന്‍സിസ് കാലം ചെയ്തതോടെ ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. 2013 മാര്‍ച്ച് 13-നാണ് പോപ് ഫ്രാന്‍സിസ് കത്തോലിക്കാസഭയുടെ 266-ാമത് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ശാരീരിക അവശതകള്‍ മൂലം ബെനഡിക്ട് 16ാമന്‍ പാപ്പ ഇതേവര്‍ഷം ഫെബ്രുവരി 28 ന് രാജിവെച്ചതിനെത്തുടര്‍ന്നാണ് പുതിയ തെരഞ്ഞെടുപ്പ് നടന്നത്.
വരാനിരിക്കുന്ന മാര്‍പ്പാപ്പ തിരഞ്ഞെടുപ്പില്‍ പ്രമുഖ പൗരസ്ത്യ കത്തോലിക്കാ സഭകളിലൊന്നായ സിറോ-മലബാര്‍ സഭയ്ക്ക് പ്രാതിനിധ്യം ഉണ്ടാകില്ല. കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് 80 വയസ്സ് തികയുന്നതിനാലാണ് സിറോ-മലബാര്‍ പ്രാതിനിധ്യം ഇല്ലാതെ പോകുന്നത്. സിറോ-മലബാര്‍ സഭയുടെ മുന്‍ തലവനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഏപ്രില്‍ 19 ന് 80 വയസ്സ് തികഞ്ഞതോടെ കോണ്‍ക്ലേവില്‍ വോട്ടുചെയ്യാനുള്ള യോഗ്യത നഷ്ടപ്പെട്ടു. സഭയുടെ പ്രോട്ടോക്കോള്‍ അനുസരിച്ച്, 80 വയസ്സിന് താഴെയുള്ള കര്‍ദ്ദിനാള്‍മാര്‍ക്ക് മാത്രമേ അടുത്ത പോപ്പിനെ തീരുമാനിക്കുന്ന മാര്‍പ്പാപ്പ കോണ്‍ക്ലേവില്‍ വോട്ടുചെയ്യാന്‍ അനുവാദമുള്ളൂ. ഇതോടെ, ഏകദേശം 5.5 ദശലക്ഷം അംഗങ്ങളുള്ള വലിയ വിശ്വാസ സമൂഹമായ സിറോ-മലബാര്‍ സഭയ്ക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഒരു ശബ്ദവുമില്ലാതെ പോകും.

ലോകത്തെമ്പാടുമുള്ള 252 കർദിനാൾമാരിൽ 138 പേർക്ക് മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ പങ്കെടുക്കാനാകും. 138 ൽ 109 പേരെ ഫ്രാൻസിസ് മാർപാപ്പയും 22 പേരെ അദ്ദേഹത്തിന്റെ മുൻഗാമിയായ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുമാണ് നിയമിച്ചത്. പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നവരിൽ 4 പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്.
സിറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളിമീസ് കാതോലിക്കാബാവ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്, കര്‍ദിനാള്‍ ഫിലിപ്പ് നെറി ഫെറാറോ, കര്‍ദിനാള്‍ ആന്റണി പൂല എന്നിവര്‍ക്കാണ് തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉള്ളത്. ഇതിൽ രണ്ടുപേർ കേരളത്തിൽ നിന്നുള്ളവരാണ്.
സിറോ മലങ്കര സഭയുടെ മേജർ ആർച്ച് ബിഷപ്പായ കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ (65), കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് (51)
എന്നിവരാണ് ഈ രണ്ടു പേർ.
72 കാരനായ കർദ്ദിനാൾ ഫിലിപ്പ് നെറി ഫെറാവോ, ഗോവയുടെയും ദാമന്റെയും (ഇന്ത്യ) മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പാണ്. ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ കോൺഫറൻസിന്റെ പ്രസിഡന്റും ഏഷ്യൻ ബിഷപ്പുമാരുടെ കോൺഫറൻസുകളുടെ ഫെഡറേഷന്റെ പ്രസിഡന്റുമാണ്.
ഹൈദരാബാദിലെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പാണ് 63കാരനായ കർദ്ദിനാൾ ആന്റണി പൂല.
സിറോ-മലങ്കര സഭയുടെ തിരുവനന്തപുരത്തെ മേജർ ആർച്ച് ബിഷപ്പും സിറോ-മലങ്കര സഭയുടെ സിനഡിന്റെ പ്രസിഡന്റുമാണ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ്.