
കൊച്ചി: ഏകീകൃത കുര്‍ബാനയില്‍ മാറ്റമില്ലെന്ന് മെത്രാപ്പൊലീത്തന്‍ വികാരി മാര്‍ ജോസഫ് പാംപ്ലാനി. മാര്‍പ്പാപ്പയുടെ തീരുമാനം അന്തിമമാണെന്നും വിശ്വാസികള്‍ അക്കാര്യം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം അങ്കമാലി അതിരൂപത മെത്രാപോലീത്തന്‍ വികാരിയായി ചുമതലയേറ്റശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ പ്രതിഷേധവുമായി രംഗത്തുള്ളവര്‍ പിന്മാറണം, സൗഹൃദചര്‍ച്ചക്ക് തയ്യാറാണെന്നും എറണാകുളം-അങ്കമാലി അതിരൂപതയെ സിനഡ് കേള്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏകീകൃത കുര്‍ബാന സംബന്ധിച്ച് സിനഡ് തീരുമാനിച്ചതും ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതുമായ കാര്യത്തില്‍നിന്ന് പിന്നാക്കം പോവുക എന്നത് അസാധ്യമായ കാര്യമാണ്.
കത്തോലിക്കാ സഭയുടെ നിലപാട് അനുസരിച്ച് ഒരു കാര്യത്തില്‍ മാര്‍പ്പാപ്പ തീരുമാനം പ്രഖ്യാപിച്ചാല്‍ അത് അന്തിമമായിരിക്കും, അദ്ദേഹം പറഞ്ഞു. ഈ തീരുമാനം നടപ്പാക്കുന്നതില്‍ ഒരുപാട് പ്രായോഗിക ബുദ്ധിമുട്ടുകള്‍ എറണാകുളം അതിരൂപതയിലെ വൈദികരും മറ്റും സിനഡിന്റെ മുമ്പില്‍ അവതരിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ജൂലൈ ഒന്നിന് ഒരു വ്യവസ്ഥയുണ്ടാക്കി. ഏകീകൃത കുര്‍ബാന നടപ്പിലാക്കുന്നതിനുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഞായറാഴ്ചകളിലെ കുര്‍ബാനയില്‍ ഒരെണ്ണമെങ്കിലും ചൊല്ലുന്ന വൈദികര്‍ക്കെതിരെ മറ്റ് നടപടികളുണ്ടാവില്ല. തുടരാനാണ് സിനഡിന്റെ തീരുമാനം, മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
എറണാകുളം-അങ്കമാലി അതിരൂപതയെ കേള്‍ക്കാനും അവരുടെ വിചാരങ്ങളും വികാരങ്ങളും മനസ്സിലാക്കാനും സിനഡ് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ട്. ആ നിയോഗമാണ് മേജര്‍ ആര്‍ച്ച് ബിഷപ്പും തന്നെ ഏല്‍പിച്ചിരിക്കുന്നത്. ആ ദൗത്യം കൃത്യതയോടെ ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിതനാണ്, അദ്ദേഹം പറഞ്ഞു.
there will be no change in the unified Mass Mar Joseph Pamplani