
ന്യൂഡല്‍ഹി: കനത്ത തോല്‍വി ഇനിയും വിശ്വസിക്കാനാവാത്ത അരവിന്ദ് കെജ്രിവാളിനും എഎപിക്കും വാക്കുകള്‍കൊണ്ട് പ്രഹരമേല്‍പ്പിച്ച് മുന്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ‘സാമൂഹിക പരിഷ്‌കാരങ്ങളുടെ തുടക്കക്കാരനായി സ്വയം അഭിഷിക്തനായ’ അരവിന്ദ് കെജ്രിവാള്‍ ‘ഇന്ത്യയിലെ ഏറ്റവും അഴിമതിക്കാരനായ രാഷ്ട്രീയക്കാരില്‍ ഒരാളാണ്’ എന്നാണ് കെജ്രിവാളിന്റെ പരാജയത്തെക്കുറിച്ച് സ്മൃതി ഇറാനി പറഞ്ഞത്.
ഡല്‍ഹിയിലെ ജനങ്ങള്‍ അദ്ദേഹത്തിന് കനത്ത പരാജയം നല്‍കിയെന്നും അവര്‍ അദ്ദേഹത്തെ ജയിലിലേക്ക് പോകാന്‍ സ്വതന്ത്രനാക്കിയിരിക്കുന്നുവെന്നും പ്രയാഗ്രാജിലെ മഹാ കുംഭത്തില്‍ പങ്കെടുക്കുന്നതിനിടെ മുന്‍ മന്ത്രി പ്രതികരിച്ചു.
മദ്യ നയ കേസില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച്, ‘ജനങ്ങളുടെ കോടതി’ തനിക്ക് അനുകൂലമായി വിധി നല്‍കിയതിനുശേഷം മാത്രമേ താന്‍ ആ സ്ഥാനത്തേക്ക് മടങ്ങുകയുള്ളൂവെന്ന് പറഞ്ഞ കെജ്രിവാളിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ന്യൂഡല്‍ഹി നിയോജകമണ്ഡലത്തില്‍ ബിജെപിയുടെ പര്‍വേഷ് വര്‍മ്മയോടാണ് അദ്ദേഹം തോറ്റത്. 13 വര്‍ഷമായി ഒപ്പം നിന്ന മണ്ഡലമാണ് ഇക്കുറി അദ്ദേഹത്തെ കൈവിട്ടത്.
27 വര്‍ഷത്തിനുശേഷം ദേശീയ തലസ്ഥാനത്ത് ബിജെപി അട്ടിമറി വിജയം നേടിയപ്പോള്‍, തോല്‍വി അറിഞ്ഞ എഎപിയുടെ അഞ്ച് ഉന്നത നേതാക്കളില്‍ ആം ആദ്മി പാര്‍ട്ടി മേധാവികൂടിയായ അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രിയായിരുന്ന സിസോദിയയും ഉള്‍പ്പെടുന്നു.