
വാഷിങ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തില്‍ ട്രംപുമായി ചര്‍ച്ചയ്ക്കു വരുമെന്ന് പ്രതീക്ഷിച്ച ഏറ്റവും നിര്‍ണായക വിഷയമായിരുന്നു നിയമവിരുദ്ധ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്കെതിരായ യു.എസ് നടപടി. എന്നാല്‍ മുമ്പ് വിദേശകാര്യ മന്ത്രി സ്വീകരിച്ച അതേ നിലപാടു തന്നെയാണ് ഇക്കാര്യത്തില്‍ മോദിയും സ്വീകരിച്ചത്.
നിയമവിരുദ്ധമായി യുഎസില്‍ താമസിക്കുന്ന ഏതൊരു ഇന്ത്യന്‍ പൗരനെയും തിരികെ സ്വീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്. നിയമവിരുദ്ധമായി ഒരു രാജ്യത്ത് പ്രവേശിക്കുന്ന ആര്‍ക്കും അവിടെ താമസിക്കാന്‍ അവകാശമില്ല. ഇതു ലോകമാകെ ബാധകമാണ്. മനുഷ്യക്കടത്ത് അവസാനിപ്പിക്കാന്‍ ശ്രമിക്കണമെന്നും മോദി പറഞ്ഞു.
യുഎസ് തിരിച്ചയച്ച 104 ഇന്ത്യക്കാരെ സൈനിക വിമാനത്തില്‍ കൈകാലുകള്‍ ബന്ധിച്ച് നാടുകടത്തിയത് വലിയ വിവാദമായിരുന്നു. ഈ സംഭവത്തിന് ഒരാഴ്ചയ്ക്കു ശേഷമായിരുന്നു മോദിയുടെ യുഎസ് സന്ദര്‍ശനം.
”ഇന്ത്യയിലെ ചെറുപ്പക്കാരും പാവങ്ങളും ദരിദ്രരുമായ ജനങ്ങള്‍ കുടിയേറ്റത്തില്‍ വഞ്ചിതരാണ്. വലിയ സ്വപ്നങ്ങളും വാഗ്ദാനങ്ങളും കണ്ടുംകേട്ടും ആകര്‍ഷിക്കപ്പെടുന്ന വളരെ സാധാരണ കുടുംബങ്ങളിലെ കുട്ടികളാണിവര്‍. എന്തിനാണ് കൊണ്ടുവരുന്നതെന്ന് അറിയാതെയാണു പലരും എത്തുന്നത്.