
കൊല്ലം: കുണ്ടറ റെയിൽവേ ട്രാക്കിൽ ടെലഫോൺ പോസ്റ്റ് വച്ചവരെ മണിക്കൂറുകൾക്കകം പിടികൂടി. പെരുമ്പുഴ സ്വദേശി അരുൺ കുണ്ടറ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്. ആറുമുറിക്കട പഴയ ഫയർ സ്റ്റേഷന് സമീപത്തെ റെയിൽവേ ട്രാക്കിലാണ് ടെലിഫോൺ പോസ്റ്റ് എടുത്തുവെച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടന്നത്.
ശനി പുലർച്ചെ 3 മണിയോടുകൂടി ആയിരുന്നു സംഭവം. ട്രാക്കിൽ പോസ്റ്റ് കണ്ട സമീപവാസികൾ എഴുകോൺ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പോസ്റ്റ് നീക്കം ചെയ്തു.എന്നാൽ സംഭവസ്ഥലത്തു നിന്നും പൊലീസ് പോയതിന് ശേഷം വീണ്ടും പോസ്റ്റ് പഴയപടി എടുത്തുവെച്ചു. പിന്നീട് കുണ്ടറ പൊലീസിൽ വിവരം അറിയിച്ചതനുസരിച്ച് പൊലീസെത്തി വീണ്ടും പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു.