
കോഴിക്കോട് : കൊയിലാണ്ടിയില്‍ മണക്കുളങ്ങര ക്ഷേത്ര ഉല്‍സവത്തിനിടയില്‍ ആന ഇടഞ്ഞ് മരണം മൂന്നായി. കുറുവങ്ങാട് സ്വദേശികളായ ലീല,അമ്മുക്കുട്ടി, വടക്കയിൽ രാജൻ എന്നിവരാണ് മരിച്ചത്.
സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറോടും ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (സോഷ്യല്‍ ഫോറസ്ട്രി) യോടും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
സംഭവത്തില്‍ നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്നാണ് പ്രധാനമായി പരിശോധിക്കുക.
ഇന്ന് വൈകിട്ടായിരുന്നു സംഭവം. ക്ഷേത്രത്തില്‍ ആനയിടഞ്ഞ് ഓടിയപ്പോള്‍ കൂടുതല്‍ പേര്‍ക്കും പരുക്കേറ്റത് കെട്ടിടം തകര്‍ന്നു വീണെന്നാണ് പ്രാഥമിക വിവരം. ക്ഷേത്രം ഓഫിസിന് സമീപത്തായി കസേരയില്‍ ഇരുന്ന സ്ത്രീകളാണ് മരിച്ച രണ്ടുപേരെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇടഞ്ഞ ആനകള്‍ പരസ്പരം കൊമ്പുകോര്‍ത്തതോടെ ക്ഷേത്രം ഓഫിസ് കെട്ടിടം തകര്‍ന്ന് താഴെയിരുന്നവരുടെ മേലേക്ക് വീഴുകയായിരുന്നു. കൂടുതല്‍ പേര്‍ക്കും പരുക്കേറ്റത് കട്ടയടക്കമുള്ള കെട്ടിടത്തിന്റെ ഭാഗം ദേഹത്തു വീണാണ്.