
ഡോ. ജോര്‍ജ് കാക്കനാട്
ഹൂസ്റ്റണ്‍: കാണാന്‍ പോണ പൂരം പറയണോ എന്ന് നമ്മള്‍ കേട്ടിട്ടുണ്ടാകും. തൃശൂരിലെ പൂരം യുഎസില്‍ ഇനി കണ്ടാലോ?
ലോകത്തിന്റെ ഏത് കോണില്‍ ആണെങ്കിലും തൃശൂരുകാര്‍ക്ക് പൂരം ജീവന്റെ ഭാഗം ആണ്. യുഎസിലെ തൃശൂരുകാര്‍ക്കും അതില്‍ മാറ്റം ഒന്നും ഇല്ല. തൃശൂര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ ‘തൃശൂര്‍ പൂരം 2025’ ന്റെ വിളമ്പരം അപ്നബസാര്‍ ബാങ്കറ്റ് ഹാളില്‍ വച്ച് വിപുലമായി നടന്നപ്പോള്‍ തൃശ്ശൂര്‍ അവിടെ പുനരവതരിക്കുകയായിരുന്നു.
മാര്‍ച്ച് 29 ന് ബാങ്കറ്റ് ഹാള്‍ അക്ഷരാര്‍ത്ഥത്തില്‍ കൊച്ചു തൃശൂര്‍ ആയി മാറി. മെയ് 17 നു നടക്കുന്ന ഈ പൂരം യുഎസിലെ തൃശ്ശൂരുകാരുടെ മാത്രം അല്ല, മുഴുവന്‍ മലയാളികളുടെയും പൂരമാണ്. നമ്മള്‍ മാത്രമല്ല, ഈ നാട്ടുകാര്‍ കൂടി പൂരം നെഞ്ചേറ്റുകയാണ്. യുഎസിലെ എല്ലാ കമ്യൂണിറ്റികളും ഈ പൂരത്തിന്റെ ആവേശം അനുഭവിക്കാന്‍ തയാറെടുക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് പേര് ഈ മാമാങ്കത്തിന്റെ ഭാഗം ആകും എന്നാണ് സംഘാടകര്‍ കണക്ക് കൂട്ടുന്നത്.
വിളംബര ചടങ്ങില്‍ തൃശൂര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ പ്രസിഡന്റ് നബീസ സലിം സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റും പൂരം കോ-ഓര്‍ഡിനേറ്ററുമായ ധനിഷ സാം പൂരത്തെക്കുറിച്ചും തുടര്‍ന്ന് നടക്കുന്ന പരിപാടികളെക്കുറിച്ചും വിശദമായി സംസാരിച്ചു. ട്രഷറര്‍ ലിന്റോ ആളുകളെ അഭിസംബോധന ചെയ്തു സംസാരിച്ചു. രാജേഷ് മൂത്തേടത്ത് നന്ദിയും പറഞ്ഞു. മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോസ് കൂടത്തിനാല്‍, ഫോര്‍ട്‌ബെന്റ് ജഡ്ജ് സുരേന്ദ്രന്‍ പട്ടേല്‍, ഫോര്‍ട്‌ബെന്റ് കൗണ്ടി പ്രീസിങ് 3 ക്യാപ്റ്റന്‍ മനോജ് പൂപ്പാറയില്‍. ഷുഗര്‍ലാന്‍ഡ് സിറ്റി കൗണ്‍സിലില്‍ മത്സരിക്കുന്ന ഡോ. ജോര്‍ജ് കാക്കനാട് എന്നിവര്‍ പ്രസംഗിച്ചു.
തൃശൂര്‍ പൂരത്തിന്റെ പ്ലാറ്റിനും സ്പോണ്‍സര്‍മാരായി എത്തിയത് ജെയിംസ് ഊളൂട്ട്, ജോയി ആലൂക്കാസ് എന്നിവരാണ്. സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് , ഫോമയ്ക്കുവേണ്ടി തോമസ് ഒലിയന്‍കുന്നേല്‍, വേള്‍ഡ് മലയാളി കൗണ്‍സിലിന് വേണ്ടി എസ്.കെ. ചെറിയാന്‍, ടിസാക്ക് ക്ലബിനുവേണ്ടി ജോണ്‍ ഡബ്ല്യൂ വര്‍ഗീസ്, ശ്രീ ഗുരുവായൂരപ്പന്ബി ടെമ്പിളിനുവേണ്ടി രമ പിള്ളൈ, മീഡിയ പാര്‍ട്ട്നേഴ്സ് ബീറ്റ് എഫ്.എം., മല്ലൂ കഫേ, ആശ റേഡിയോ, ദര്‍ശന്‍ റേഡിയോ, ഇന്ത്യ പ്രസ് ക്ലബിന് വേണ്ടി സൈമണ്‍ വാളാചേരി , 24 ന് വേണ്ടി ജിജു കുളങ്ങര, ഫ്ളവേഴ്സിനുവേണ്ടി ജോര്‍ജ്ജ്, കൈരളി ടിവിക്കുവേണ്ടി മോട്ടി എന്നിവര്‍ പങ്കെടുത്തു.
2025 തൃശൂര്‍ പൂരം മെയ് 17 ന് മെഗാ തിരുവാതിര, ഓണക്കളി, പൂരവും മേളവും, കിഡ്സ് ഫാഷന്‍ ഷോ പൂരം തീം, ഫ്രാങ്കോ & റീവ അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ്, കള്‍ച്ചറല്‍ പ്രോഗ്രാം, മോഹിനിയാട്ടം, കളരിപ്പയറ്റ് തുടങ്ങിയവയാണ് പൂരത്തിന്റെ പരിപാടികള്‍. സാം സുരേന്ദ്രന്‍, മുജേഷ് കിച്ചേലു എന്നിവര്‍ പരിപാടികള്‍ കോ ഓര്‍ഡിനേറ്റ് ചെയ്തു.