
കൊച്ചി: കഞ്ചാവ് കേസിൽ അറസ്റ്റിലായ വേടൻ, പുലിപ്പല്ല് കൈവശം വച്ച കേസിൽ വനംവകുപ്പിന്‍റെ കസ്റ്റഡയിൽ. രണ്ട് ദിവസത്തേക്കാണ് കോടതി, വേടനെ വനം വകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടത്. വേടന്‍റെ ജാമ്യപേക്ഷ തള്ളിക്കൊണ്ടാണ് കസ്റ്റഡിയിൽ വിട്ടത്. മെയ് രണ്ടിനാകും വേടന്‍റെ ജാമ്യാപേക്ഷ ഇനി പരിഗണിക്കുക. രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷ കോടതി അംഗീകരിച്ചു.
കൊച്ചിയിലെ ഫ്ലാറ്റിലും തൃശൂരിലെ ജ്വല്ലറിയിലും വേടനുമായി തെളിവെടുപ്പ് നടത്തും. തൃശൂരിലെ ജ്വല്ലറിയിൽ വച്ചാണ് പുലിപ്പല്ലുകൊണ്ട് ലോക്കറ്റ് നിർമിച്ചത്. ജാമ്യാപേക്ഷ മെയ് രണ്ടിന് പരിഗണിക്കും.മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതിനു പിന്നാലെ ഇന്ന് വനംവകുപ്പ് വേടനെ അറസ്റ്റ് ചെയ്തിരുന്നു. പുലിപ്പല്ല് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നും ഒറിജിനൽ ആണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് വേടന്റെ മൊഴി. ചെന്നൈയിലെ പരിപാടിക്കിടെയാണ് പുലിപ്പല്ല് സമ്മാനമായി ലഭിച്ചതെന്നും ഇൻസ്റ്റഗ്രാം വഴിയാണ് രഞ്ജിത് കുമ്പിടിയെ പരിചയമെന്നും വേടൻ മൊഴി നൽകി.
പുലിപ്പല്ല് നൽകിയ ശ്രീലങ്കൻ പശ്ചാത്തലമുള്ള രഞ്ജിത് കുമ്പിടിയെ കേന്ദ്രീകരിച്ചും വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. ഒമ്പതു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് ഹിരൺ ദാസ് മുരളിയെന്ന റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വേടൻ ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിക്കുന്നുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പുലിപ്പല്ല് ആരാധകൻ നൽകിയതാണോ എന്നത് വേടൻ കോടതിയിൽ തെളിയിക്കണമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു. വനംവകുപ്പ് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.