വാഷിംഗ്ടണ്‍: 170 ദശലക്ഷം അമേരിക്കക്കാര്‍ ഉപയോഗിക്കുന്ന ജനപ്രിയ ചൈനീസ് ഷോര്‍ട്ട് വീഡിയോ ആപ്പ് ടിക്ടോക്കിന്റെ പ്രവര്‍ത്തനം അമേരിക്കയില്‍ നിലച്ചു. ആപ്പിള്‍, ഗൂഗിള്‍ സ്റ്റോറുകളില്‍ ആപ്പ് ഇപ്പോള്‍ ലഭ്യമല്ലെന്നാണ് റിപ്പാര്‍ട്ട്. നിരോധനം പ്രാബല്യത്തില്‍വരുന്നതിന് തൊട്ടുമുന്‍പാണ് ടിക്ടോക് യുഎസില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുന്നത്.
ചൈനക്കാരല്ലാത്ത ഒരു ഉടമയ്ക്കു വില്‍ക്കുകയോ അല്ലെങ്കില്‍ പൂര്‍ണമായി അടച്ചുപൂട്ടുകയോ ചെയ്യണമെന്ന നിയമമാണ് യുഎസ് കോണ്‍ഗ്രസ് ഏപ്രിലില്‍ പാസാക്കിയത്.
ആപ്പ് വില്‍ക്കാനുള്ള ബൈറ്റ്ഡാന്‍സിനുള്ള സമയപരിധിക്ക് രണ്ട് ദിവസം മുമ്പ്, യുഎസ് സുപ്രീം കോടതി നിയമം ഭരണഘടനാപരമാണെന്നും അതിലെ വ്യവസ്ഥകള്‍ നിലനില്‍ക്കണമെന്നും വിധിച്ചതോടെയാണ് ആപ്പ് യുഎസിനോട് വിടപറയുന്നത്.
ചൈനീസ് ഗവണ്‍മെന്റ് ആപ്പ് ഉപയോഗിച്ച് അമേരിക്കന്‍ പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നു എന്ന ആരോപണമായിരുന്നു ടിക്ടോക്കിനെ കുരുക്കിയത്. അതേസമയം, നിയുക്ത പ്രസിഡന്റ് ട്രംപ് അധികാരമേറ്റാല്‍ ടിക്ടോക് തിരികെ എത്തിക്കാനുള്ള പരിഹാരമാര്‍ഗമുണ്ടാക്കിയേക്കാമെന്നാണ് സൂചന.