വാഷിംഗ്ടണ്‍ : ടെസ്ല, എക്‌സ് ഉടമയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കിന് സോഷ്യല്‍ മീഡിയ ആപ്പായ ടിക് ടോക്ക് വാങ്ങാന്‍ പച്ചക്കൊടി വീശി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. മസ്‌ക് അതിന് ആഗ്രഹിക്കുന്നുവെങ്കില്‍ താനും തയ്യാറാണെന്ന് ട്രംപ് ചൊവ്വാഴ്ച പറഞ്ഞു.
‘അദ്ദേഹം അത് വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഞാന്‍ അത് ചെയ്യും,’ മസ്‌ക് ടിക് ടോക്ക് വാങ്ങാന്‍ തയ്യാറാണോ എന്ന് ചോദിച്ചപ്പോള്‍ ട്രംപ് ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘ടിക് ടോക്കിന്റെ ഉടമകളെ, ഞാന്‍ കണ്ടു, അതിനാല്‍, ആരോടെങ്കിലും പറയാന്‍ ഞാന്‍ ആലോചിക്കുന്നത് ‘അത് വാങ്ങി പകുതി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയ്ക്ക് നല്‍കുക’ എന്നതാണ്.’
യുഎസിലെ ടിക് ടോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ മസ്‌കിന് വില്‍ക്കാനുള്ള സാധ്യതയെക്കുറിച്ച് ചൈനീസ് ഉദ്യോഗസ്ഥര്‍ പ്രാഥമിക ചര്‍ച്ചകളിലാണെന്ന് ബ്ലൂംബര്‍ഗ് ന്യൂസ് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. എങ്കിലും ഇതേക്കുറിച്ച് മസ്‌കിന്റെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.
ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ കീഴിലുള്ള ടിക് ടോക്, അമേരിക്കക്കാരുടെ ഡാറ്റ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് ബൈഡന്‍ ഭരണകൂടം ടിക് ടോകിനെ നിരോധിക്കാനുള്ള നീക്കം നടത്തിയത്. ബൈഡന്റെ നിരോധനം മറികടന്നത് നിലവിലെ നിയമം നടപ്പിലാക്കുന്നത് 75 ദിവസം വൈകിപ്പിക്കാന്‍ ആവശ്യപ്പെടുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് തിങ്കളാഴ്ച ഒപ്പുവച്ചു. ഇതോടെ ടിക് ടോക്ക് അല്പം ആശ്വാസത്തിലാണ്.