‘ഗ്ലൂക്കോസിനേക്കാൾ പവര്‍ഫുൾ, കള്ള് അതുപോലെ എടുത്ത് കുടിച്ചാല്‍ മദ്യമല്ല’; ഇളനീരിനേക്കാൾ ഔഷധവീര്യമുണ്ടെന്ന് ഇപി

കണ്ണൂര്‍: തെങ്ങില്‍നിന്ന് ശേഖരിക്കുന്ന ഇളംകള്ള് ഇളനീരിനേക്കാൾ ഔഷധഗുണമുള്ളതാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍. ഇന്നത്തെ ഗ്ലൂക്കോസിനേക്കാൾ പവര്‍ഫുളായ പാനീയമായിരുന്നു അത്. തെങ്ങില്‍ നിന്നുള്ള നീര് ഏറ്റവും ഗുണകരമായ പോഷകാഹാരം തന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മദ്യപിക്കുന്നവരുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഇ പിയുടെ മറുപടി.

‘ഗോവിന്ദന്‍ മാഷ് പറഞ്ഞത് മദ്യത്തെക്കുറിച്ചാണ്. തെങ്ങില്‍നിന്നുണ്ടാവുന്ന അതിന്റെ നീര്, അത് ശേഖരിക്കാന്‍ അടുത്തകാലത്ത് പദ്ധതി തയ്യാറാക്കിയിരുന്നു. തെങ്ങില്‍നിന്ന് ശേഖരിക്കുന്ന നീര് സമയപരിധിവെച്ച് കെമിക്കല്‍ ഉപയോഗിച്ചുകൊണ്ട് മദ്യമായി മനുഷ്യന്റെ ബോധത്തെ ദുര്‍ബലപ്പെടുത്താന്‍ കഴിയത്തക്ക ലിക്കറായി മാറും. എന്നാല്‍, തെങ്ങില്‍നിന്ന് എടുക്കുന്ന ഇളംകള്ള്, ഇളനീരിനേക്കാൾ ഔഷധവീര്യമുള്ളതാണ്’ – ഇപി പറഞ്ഞു.

‘പണ്ടുകാലത്ത് നാട്ടില്‍ പ്രസവിച്ചുകഴിഞ്ഞാല്‍, വീടിന്റെ മുറ്റത്തുള്ള തെങ്ങ് ചെത്തി അതില്‍നിന്ന് എടുക്കുന്ന നീര് ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് കൊടുക്കുമായിരുന്നു. ഇന്നത്തെ ഗ്ലൂകോസിനേക്കാൾ കൂടുതല്‍ പവര്‍ഫുളായ, പ്രകൃതി തരുന്ന ലിക്വിഡ് ആയിരുന്നു അത്. ആ കള്ള് അതുപോലെ എടുത്ത് കുടിച്ചാല്‍ മദ്യമല്ല. എന്നാല്‍, അത് മറ്റുവസ്തുക്കള്‍ ചേര്‍ത്ത് ലിക്വര്‍ ആക്കി തീര്‍ക്കരുത്. മദ്യത്തിന്റെ വീര്യങ്ങളിലേക്ക് കൊണ്ടുപോകരുത്. സാധാരണഗതിയില്‍ ആരോഗ്യത്തിന് ഗുണകരമായിട്ടുള്ളതാണ് കള്ള്. കേരളത്തിലെ കള്ളുചെത്ത് വ്യവസായം ശക്തിപ്പെടുത്തണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍’, ഇ പി ജയരാജൻ പറഞ്ഞു.

More Stories from this section

family-dental
witywide