മൂന്നാറിനെ നടുക്കി കോളേജ് വിദ്യാർഥികളുടെ ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് അപകടം; രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ഇടുക്കി: മൂന്നാര്‍ ടോപ്പ് സ്‌റ്റേഷന്‍ റോഡില്‍ എക്കോ പോയിന്‍റിന് സമീപം വിനോദസഞ്ചാര ബസ് മറിഞ്ഞ് രണ്ട് മരണം. തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ ആദിക (19), വേണിക (19) എന്നിവരാണ് മരിച്ചത്. ഇന്ന് (ഫെബ്രുവരി 19) ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം.അപകടത്തിൽ പരിക്കേറ്റ രണ്ടു പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. ബസ് മറിയുന്നതിനിടെ ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കുണ്ടള അണക്കെട്ട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയിലാണ് വിനോദ സഞ്ചാര സംഘം അപകടത്തില്‍പ്പെട്ടത്.

കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ എക്കോ പോയിന്‍റിലാണ് അപകടമുണ്ടായത്. കേരള രജിസ്ട്രേഷനിലുള്ള ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. 40 പേരടങ്ങുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ മൂന്നാര്‍, അടിമാലി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കുണ്ടള ഡാം സന്ദർശിക്കാൻ പോകുന്നതിനിടെ ബസ് മാട്ടുപെട്ടിക്ക് സമീപം വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

More Stories from this section

family-dental
witywide