
ശ്രീനഗര്‍: ഏപ്രില്‍ 22 ന് രാജ്യത്തെയാകെ നടുക്കി ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തോടെ ഭീതി നിലനിന്ന പഹല്‍ഗാമിലേക്ക് വീണ്ടും വിനോദസഞ്ചാരികള്‍ എത്തിത്തുടങ്ങി.
ഇന്നലെ മാത്രം നൂറുകണക്കിന് വിദേശ, ആഭ്യന്തര വിനോദസഞ്ചാരികളാണ് പഹല്‍ഗാം പട്ടണം സന്ദര്‍ശിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
സാധാരണ ദിവസങ്ങളില്‍ 5,000 മുതല്‍ 7,000 വരെ വിനോദസഞ്ചാരികള്‍ എത്താറുണ്ടെങ്കിലും ആക്രമണത്തിന് ശേഷം സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രദേശത്തിന്റെ സുരക്ഷയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച സഞ്ചാരികള്‍ ആശങ്കകള്‍ക്കിടയിലും, പഹല്‍ഗാം സന്ദര്‍ശനം ഉള്‍പ്പെടെയുള്ള യാത്രാ പദ്ധതികളുമായി മുന്നോട്ട് പോകുകയാണ്.
‘വിഷമിക്കാന്‍ ഒന്നുമില്ല. സൈന്യവും സര്‍ക്കാരും നാട്ടുകാരും ഞങ്ങളോടൊപ്പമുണ്ട്, ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നു… സംഭവത്തിനുശേഷം ഞങ്ങള്‍ ഭയന്നിരുന്നു, ഞങ്ങള്‍ ഉടന്‍ പോകാന്‍ ആഗ്രഹിച്ചു, പക്ഷേ നാട്ടുകാരും സൈന്യവും ഞങ്ങളെ പ്രേരിപ്പിച്ചു, ഞങ്ങള്‍ യാത്ര തുടര്‍ന്നു,’ പഹല്‍ഗാമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ഒരു വിനോദ സഞ്ചാരിയുടെ വാക്കുകള്‍.
ഏപ്രില്‍ 22 ന്, പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഒരു സംഘടനയുമായി ബന്ധമുള്ള ഒരു സംഘം തീവ്രവാദികള്‍, ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രമായ പഹല്‍ഗാമിലെ ബൈസരന്‍ പുല്‍മേട്ടിലെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തു. മലയാളി അടക്കം 26 പേരുടെ മരണത്തിന് ഈ ദാരുണ ആക്രമണം ഇടയാക്കി. ഇതോടെ കശ്മീരില്‍ നിന്നും വിനോദസഞ്ചാരികളുടെ കൂട്ട പലായനം ഉണ്ടായി. സംസ്ഥാനത്തെ ടൂറിസം വ്യവസായത്തിന് വലിയ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്ന്, സുരക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിനോദസഞ്ചാരികളോട് കശ്മീരിനെ ഒഴിവാക്കരുതെന്നും അഭ്യര്‍ത്ഥിച്ചിരുന്നു.