
വാഷിംഗ്ടണ്‍: പുതിയ യുഎസ് പാസ്‌പോർട്ടിൽ തന്നെ പുരുഷനായാണ് ലിസ്റ്റ് ചെയ്തതെന്ന് എച്ച്ബിഒ സീരീസ് യൂഫോറിയയിലെ താരം ഹണ്ടർ ഷാഫർ. രേഖകൾ പൂരിപ്പിച്ചപ്പോൾ സ്ത്രീ വിഭാഗം തിരഞ്ഞെടുത്തിട്ടും പാസ്പോര്‍ട്ടില്‍ പുരുഷൻ എന്നാണ് വന്നതെന്നാണ് ഹണ്ടർ ഷാഫർ പറയുന്നത്. ടിക് ടോക് വീഡിയോയിൽ പുരുഷൻ എന്ന് രേഖപ്പെടുത്തിയത് കാണിച്ച് കൊണ്ട് താൻ ഞെട്ടിപ്പോയെന്നാണ് ഹണ്ടർ പറഞ്ഞത്. മുൻ പാസ്‌പോർട്ടിൽ സ്ത്രീ എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
ഇത് യഥാർത്ഥത്തിൽ സംഭവിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് പറഞ്ഞ ഹണ്ടര്‍ ലിംഗഭേദത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ നയങ്ങളെ വിമർശിക്കുകയും ചെയ്തു. അധികാരത്തിലേറിയ ആദ്യ ദിവസം തന്നെ രണ്ട് ലിംഗക്കാരെ മാത്രം അംഗീകരിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചിരുന്നു. ഒരു വ്യക്തിയുടെ ജനനസമയത്ത് രേഖപ്പെടുത്തിയിരിക്കുന്ന ലിംഗഭേദത്തെ അടിസ്ഥാനമാക്കിയാണ് യുഎസ് ഇപ്പോൾ പാസ്പോര്‍ട്ട് നൽകുന്നത്.