
വാഷിംഗ്ടൺ: വിനോദസഞ്ചാര കേന്ദ്രമായ ബഹാമാസിലേക്കുള്ള യാത്ര പ്ലാൻ ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി യുഎസ്. കവർച്ച, ലൈംഗികാതിക്രമം, കടൽ സ്രാവുകളുടെ ആക്രമണം, സുരക്ഷയില്ലാത്ത വാട്ടർ സ്പോർട്‌സ് തുടങ്ങിയ പ്രശ്നങ്ങളിലാണ് മുന്നറിയിപ്പ്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് പുതിയ ലെവൽ 2 യാത്ര നിർദേശമാണ് പുറത്തിറക്കിയിട്ടുള്ളത്. ബഹാമാസിന്റെ തലസ്ഥാനമായ നസ്സാവുവിലെ ‘ഓവർ ദി ഹിൽ’ മേഖല അപകടസാധ്യതയുള്ളതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് വിശദീകരിക്കുന്നു. ഗുണ്ടാസംഘങ്ങൾ താമസക്കാരെ കൊലപ്പെടുത്തുകയും നിരന്തരം അക്രമങ്ങൾ നടക്കുകയും ചെയ്യുന്ന പ്രദേശമാണ് ഇതെന്നാണ് റിപ്പോർട്ട്.
ഈ പ്രദേശങ്ങളിൽ സന്ദർശകർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് യുഎസ് സർക്കാർ നിര്‍ദേശിച്ചു. സുരക്ഷയില്ലാത്ത ഹോട്ടലുകളിൽ താമസിക്കുന്നത് അപകടകരമാണെന്നും, വാതിലുകളും ജനലുകളും പൂട്ടി വെക്കണമെന്നും പരിചയമില്ലാത്ത ആളുകൾക്ക് വന്നാൽ വാതിൽ തുറക്കരുതെന്നുമടക്കം യാത്ര ചെയ്യുന്നവര്‍ പാലിക്കേണ്ട വിവിധ കാര്യങ്ങളിൽ നിര്‍ദേശങ്ങളുണ്ട്. ബഹാമാസിലെ ബോട്ടിംഗ് പ്രവർത്തനങ്ങൾ പലപ്പോഴും സുരക്ഷിതമല്ല. പരിക്കുകളും, നിരവധി മരണങ്ങളും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ടെന്നും പല ഓപ്പറേറ്റർമാർക്കും ലൈസൻസോ ഇൻഷുറൻസോ ഇല്ല എന്നതും വാട്ടർ സ്‌പോർട്‌സ് പ്രവർത്തനങ്ങളെ കൂടുതൽ അപകടകരമാക്കുന്നു.