താരിഫ് യുദ്ധം തമാശയായി മാറുന്നു? ട്രംപും മസ്‌കും ഷൂസ് നിര്‍മ്മിക്കുന്നു, വാന്‍സ് ഐഫോണും; ചൈനയുടെ എഐ മീമുകളില്‍ അമേരിക്കയ്ക്ക് പരിഹാസം

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമീപകാല താരിഫ് നയങ്ങള്‍ക്ക് മറുപടിയായി ട്രംപിനും മസ്‌കിനും വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനും ചൈനയില്‍ നിന്നും വ്യാപക വിമര്‍ശനം. ചൈനീസ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അമേരിക്കന്‍ ഉല്‍പ്പാദനത്തില്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെ പരിഹസിക്കുന്നതിനായി എഐ ജനറേറ്റഡ് മീമുകളും വീഡിയോകളും കൊണ്ട് സോഷ്യല്‍മീഡിയ നിറയ്ക്കുകയാണ്.

സോഷ്യല്‍മീഡിയയില്‍ പടര്‍ന്ന ഒരു വീഡിയോയില്‍ ട്രംപും, വാന്‍സും, ശതകോടീശ്വരനും ട്രംപിന്റെ ഉപദേശകനുമായ ഇലോണ്‍ മസ്‌കും നൈക്കിന്റെ ഷൂസ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. താരിഫ് കാരണം വര്‍ദ്ധിച്ചുവരുന്ന ഉല്‍പ്പാദന ചെലവുകളെക്കുറിച്ചുള്ള ആശങ്കകള്‍ എടുത്തുകാണിക്കുന്ന തരത്തിലുള്ള വീഡിയോ അമേരിക്കന്‍ പ്രസിഡന്റിനെ കണക്കിന് പരിഹസിക്കുന്ന തരത്തിലാണ്.

വീഡിയോകളില്‍, ട്രംപും മസ്‌കും നീല ജമ്പ്സ്യൂട്ടുകള്‍ ധരിച്ച് അടുത്തടുത്തിരുന്ന് നൈക്ക് ഷൂസില്‍ വിവിധ ജോലികള്‍ ചെയ്യുന്നതായാണ് കാണുന്നത്. വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ഒരു ഐഫോണ്‍ കൂട്ടിച്ചേര്‍ക്കുന്നതായുള്ള മറ്റൊരു വീഡിയോയും ശ്രദ്ധനേടുന്നുണ്ട്.

ട്രംപിന്റെ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍’ എന്ന മുദ്രാവാക്യത്തെ പരിഹസിക്കുന്ന തരത്തില്‍ക്കൂടിയാണ് മീമുകള്‍. ട്രോളിംഗ് വീഡിയോകളും മീമുകളും വ്യാപകമായി പ്രചരിച്ചു. ടിക് ടോക്ക്, എക്‌സ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ദശലക്ഷക്കണക്കിന് കാഴ്ചകാരെ നേടിയിട്ടുണ്ട്.

അതേസമയം, ചൈനയ്‌ക്കെതിരായ തീരുവ യുദ്ധം കടുപ്പിക്കുകയാണ് ട്രംപ്, ചൈനയും വിട്ടുകൊടുക്കുന്ന മട്ടില്ല. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് യുഎസ് താരിഫുകളെ വിമര്‍ശിച്ചു, ‘ഞങ്ങള്‍ ചൈനക്കാരാണ്. പ്രകോപനങ്ങളെ ഞങ്ങള്‍ ഭയപ്പെടുന്നില്ല. ഞങ്ങള്‍ പിന്നോട്ട് പോകില്ല.’ എന്നായിരുന്നു യുഎസിനുള്ള മറുപടി.

അതേസമയം, യുഎസ് താരിഫുകള്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് ‘ഗുരുതരമായ ദോഷം വരുത്തുമെന്ന്’ ചൈനയുടെ വാണിജ്യ മന്ത്രി വാങ് വെന്റാവോ ലോക വ്യാപാര സംഘടനയുടെ തലവനോട് പറഞ്ഞു. യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക്‌മേലുള്ള 125 ശതമാനം താരിഫ് ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ബീജിംഗ് വെള്ളിയാഴ്ച പറഞ്ഞു. അമേരിക്കയിലേക്ക് പ്രവേശിക്കുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് വാഷിംഗ്ടണ്‍ ഏര്‍പ്പെടുത്തിയ 145 ശതമാനം തീരുവയ്ക്കുള്ള പകരം തീരുവയാണിത്.

More Stories from this section

family-dental
witywide