
വാഷിംഗ്ടണ്‍: രണ്ടാം വട്ടം അധികാരത്തിലേറി ഒരു മാസം പിന്നിടുമ്പോൾ ഡോണൾഡ് ട്രംപിന്‍റെ അംഗീകാര റേറ്റിങ് 47 ശതമാനം എത്തിയെന്ന് എൻബിസി ന്യൂസ് സര്‍വെ ഫലം. പ്രസിഡന്‍റ് എന്ന നിലയിൽ ട്രംപിന്‍റെ എക്കാലത്തെയും ഉയര്‍ന്ന റേറ്റിംഗ് ആണിത്. എന്നാല്‍, 51 ശതമാനം പേർ ട്രംപിന്‍റെ പ്രകടനത്തെ അംഗീകരിക്കുന്നില്ല എന്നാണ് വോട്ടെടുപ്പിൽ നിന്ന് വ്യക്തമാകുന്നത്.
സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് വലിയ മതിപ്പും സര്‍വെയിൽ പങ്കെടുത്തവര്‍ക്കില്ല. 18 ശതമാനം പേർ മാത്രമാണ് സമ്പദ്‌വ്യവസ്ഥ ‘മികച്ചത്’ അല്ലെങ്കിൽ ‘നല്ലത്’ എന്ന് അഭിപ്രായപ്പെട്ടത്. 43 ശതമാനം പേർ ‘മോശം’ ആണെന്നും റേറ്റ് ചെയ്തു. ട്രംപ് സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുന്ന രീതിയെ 44 ശതമാനം പേർ അംഗീകരിച്ചപ്പോൾ 54 ശതമാനം പേർ അംഗീകരിക്കുന്നുമില്ല. പണപ്പെരുപ്പവും ജീവിതച്ചെലവും സംബന്ധിച്ച് 55 ശതമാനം പേർ അംഗീകരിക്കുന്നില്ല. 42 ശതമാനം പേർ മാത്രമാണ് ഇതില്‍ ട്രംപിനെ പിന്തുണച്ചത്.
സ്വതന്ത്ര വോട്ടർമാരിൽ ട്രംപിന്റെ അംഗീകാര റേറ്റിങ് വളരെ താഴ്ന്ന നിലയിലാണ്. 30 ശതമാനം പേർ അദ്ദേഹത്തിന്റെ പ്രകടനത്തെ അംഗീകരിച്ചപ്പോൾ 67 ശതമാനം പേർ എതിർത്തു. ലിംഗവിഭജനവും വ്യക്തമാണ്. 55 ശതമാനം പുരുഷന്മാർ ട്രംപിനെ അംഗീകരിക്കുമ്പോൾ 58 ശതമാനം സ്ത്രീകൾ അംഗീകരിക്കുന്നില്ല.