
വാഷിംഗ്ടൺ: വരാനിരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് അമേരിക്കക്കാർക്ക് മുന്നറിയിപ്പ് നൽകി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. എന്നാല്‍, ‘ഫലം ചരിത്രപരമായിരിക്കും’ എന്ന ഉറപ്പും ജനങ്ങൾക്ക് പ്രസിഡന്‍റ് നൽകിയിട്ടുണ്ട്. നമ്മൾ വിഡ്ഢികളും നിസ്സഹായരുമായിരുന്നു. എന്നാൽ ഇനി അതല്ല. മുമ്പെങ്ങുമില്ലാത്തവിധം നമ്മൾ ജോലികളും ബിസിനസ്സുകളും തിരികെ കൊണ്ടുവരികയാണെന്ന് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്തു.
ഇതൊരു സാമ്പത്തിക വിപ്ലവമാണ്, നമ്മൾ വിജയിക്കും. കഠിനമായി പിടിച്ചുനിൽക്കുക, ഇത് എളുപ്പമാകില്ല, പക്ഷേ അവസാന ഫലം ചരിത്രപരമായിരിക്കും എന്നാണ് ട്രംപിന്‍റെ ഉറപ്പ്. പകരച്ചുങ്കം ഏര്‍പ്പെടുത്തിയ ശേഷം വിപണയിൽ വൻ തിരിച്ചടിയേറ്റുവാങ്ങുന്ന സമയത്താണ് ട്രംപിന്‍റെ പ്രതികരണം.
ബുധനാഴ്ച ട്രംപ് താരിഫുകൾ പ്രഖ്യാപിച്ചത് ആഗോള ഓഹരി വിപണികളിൽ വലിയ ഞെട്ടലുണ്ടാക്കി. വെള്ളിയാഴ്ച വാൾസ്ട്രീറ്റ് ഇടിഞ്ഞു. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ S&P 500 കമ്പനികളുടെ വിപണി മൂല്യത്തിൽ നിന്ന് 5 ട്രില്യൺ ഡോളർ നഷ്ടപ്പെട്ടു. ട്രംപിന്റെ തിരിച്ചടി തീരുവ യുദ്ധത്തില്‍പ്പെട്ട് ആഗോള എണ്ണവിലയിലും കനത്ത ഇടിവുണ്ടായി. സ്വര്‍ണ വിലയിലും ഇടിവുണ്ടായി. ഇതെല്ലാം ലോകത്തെ മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടുമോ എന്ന ആശങ്കയിലാണ് വിദഗ്ധര്‍. കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവിലാണ് ലോക ഓഹരിവിപണിയിപ്പോള്‍. ബ്രെന്റ് ക്രൂഡ് വില ആറര ശതമാനം താഴ്ന്ന് ബാരലിന് 65 ഡോളറിലെത്തി.