
വാഷിംഗ്ടണ്‍: താരിഫുകളെക്കുറിച്ച് ചൈനയുമായുള്ള ചർച്ചകൾ നടക്കുന്നുണ്ടോ എന്ന കാര്യത്തിൽ പരസ്പരവിരുദ്ധമായ ഉത്തരങ്ങൾ നൽകി ഡോണൾഡ് ട്രംപ് മന്ത്രിസഭയിലെ അംഗങ്ങൾ. മാന്ദ്യത്തിന്റെ ഭീതി ഉയർത്തിയ ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാരയുദ്ധം ലഘൂകരിക്കാൻ ട്രംപ് ഭരണകൂടം കഴിഞ്ഞ ആഴ്ച സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. താരിഫുകളെക്കുറിച്ച് ചൈനയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും താനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും സംസാരിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. എന്നാൽ വ്യാപാര ചർച്ചകൾ നടന്നുവെന്നും അവകാശവാദങ്ങൾ ബീജിംഗ് നിഷേധിച്ചു.
വാഷിംഗ്ടണിൽ നടന്ന അന്താരാഷ്ട്ര നാണയ നിധിയുടെ യോഗങ്ങളിൽ കഴിഞ്ഞ ആഴ്ച തന്റെ ചൈനീസ് പങ്കാളികളുമായി സംവദിച്ചുവെന്നും എന്നാൽ താരിഫ് പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്തില്ലെന്നുമാണ് പല രാജ്യങ്ങളുമായുള്ള യുഎസ് വ്യാപാര ചർച്ചകൾക്ക് നേതൃത്വം കൊടുക്കാറുള്ള ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്‍റ് പറഞ്ഞു. മറ്റൊരു ടെലിവിഷൻ അഭിമുഖത്തിൽ, കാർഷിക സെക്രട്ടറി ബ്രൂക്ക് റോളിൻസ്, താരിഫുകളെക്കുറിച്ച് അമേരിക്ക ചൈനയുമായി ദിവസവും സംഭാഷണങ്ങൾ നടത്തുന്നുണ്ടെന്നാണ് പറഞ്ഞത്.