ട്രൂഡോയെ വീണ്ടും 51-ാമത്തെ യുഎസ് സ്റ്റേറ്റിന്റെ ‘ഗവര്‍ണര്‍’ എന്ന് വിളിച്ച് ട്രംപ്; കലിപ്പില്‍ കാനഡ

ഒട്ടാവ: താരിഫ് യുദ്ധം കടുത്തതോടെ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും വ്യാപാരത്തെക്കുറിച്ചും മാരകമയക്കുമരുന്നായ ഫെന്റനൈലിനെക്കുറിച്ചും ചര്‍ച്ച നടത്തി. ടെലിഫോണില്‍ ഏകദേശം 50 മിനിറ്റാണ് ഇവരുവരും സംസാരിച്ചത്. ഇതിനു പിന്നാലെ തങ്ങളുടെ ചര്‍ച്ചയെക്കുറിച്ച് പറഞ്ഞ ട്രംപ്, ട്രൂഡോയെ കനേഡിയന്‍ പ്രധാനമന്ത്രിയെന്നല്ല പകരം ‘ഗവര്‍ണര്‍’ എന്നാണ് വിളിച്ചത്.

കാനഡയെ യുഎസിന്റെ 51ാം സംസ്ഥാനമാക്കാനുള്ള തന്റെ ആഗ്രഹം മുമ്പും തുറന്നുപറഞ്ഞിട്ടുള്ള ട്രംപ് മനപ്പൂര്‍വ്വമായാണ് ട്രൂഡോയെ അങ്ങനെ വിളിച്ചത്. മുമ്പും ട്രൂഡോയെ അദ്ദേഹം ‘ഗവര്‍ണര്‍’ എന്ന് വിളിച്ചിട്ടുണ്ട്.

ദുര്‍ബലമായ അതിര്‍ത്തി നയങ്ങളാണ്’ വാഷിംഗ്ടണും ഒട്ടാവയും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണമെന്ന് ‘ഗവര്‍ണര്‍ ജസ്റ്റിനോട്’ പറഞ്ഞതായി ട്രൂത്ത് പ്ലാറ്റ്ഫോമില്‍ ട്രംപ് കുറിച്ചു.

‘കാനഡയിലെ ഗവര്‍ണര്‍ ജസ്റ്റിന്‍ ട്രൂഡോയോട് ഞാന്‍ പറഞ്ഞു, അദ്ദേഹത്തിന്റെ ദുര്‍ബലമായ അതിര്‍ത്തി നയങ്ങളാണ് അവരുമായി നമുക്കുള്ള പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം, ഇത് വലിയ അളവില്‍ ഫെന്റനൈലിനെയും നിയമവിരുദ്ധമായ മറ്റ് രാജ്യക്കാരെയും അമേരിക്കയിലേക്ക് ഒഴുകാന്‍ അനുവദിച്ചു. ഈ നയങ്ങളാണ് നിരവധി ആളുകളുടെ മരണത്തിന് ഉത്തരവാദികള്‍,’ ട്രംപ് എഴുതി.

മാരകമായ മയക്കുമരുന്നായ ഫെന്റനൈലിന്റെയും അതിന്റെ രാസ ഘടകങ്ങളുടെയും യുഎസിലേക്കുള്ള ഒഴുക്ക് തടയാത്തതിന് ഒട്ടാവയെ കുറ്റപ്പെടുത്തി ട്രംപ് ഭരണകൂടം കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തിയിരുന്നു. പ്രതികാരമായി, കാനഡ 30 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തി. പരസ്പരം താരിഫ് ചുമത്തിയതോടെ ഇത് ഇരു രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥയെ ബാധിക്കാന്‍ സാധ്യതയുള്ള ഒരു വ്യാപാര യുദ്ധത്തിന് തുടക്കമിട്ടു. പിന്നാലെയാണ് ട്രൂഡോയും ട്രംപും ഫോണ്‍ സംഭാഷണം നടത്തിയത്. വിഷയം തണുപ്പിക്കാന്‍ ശ്രമിച്ച കാനഡയ്ക്ക് വലിയ തിരിച്ചടി നല്‍കിയാണ് പ്രധാനമന്ത്രിയെ ഗവര്‍ണര്‍ എന്ന് ട്രംപ് മനപ്പൂര്‍വ്വം വിളിച്ചത്.

More Stories from this section

family-dental
witywide