
വാഷിംഗ്ടണ്‍ : യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി സൗദി അറേബ്യയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ക്ക് തന്റെ രാജ്യത്തെ ക്ഷണിക്കാത്തതില്‍ വിമര്‍ശനം ഉന്നയിച്ച പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിക്ക് മറുപടിയുമായി ഡോണള്‍ഡ് ട്രംപ്. ഉക്രെയ്നിന്റെ പ്രതികരണത്തില്‍ താന്‍ ‘നിരാശനാണെന്നും’ ഏകദേശം മൂന്ന് വര്‍ഷം മുമ്പ് പൂര്‍ണ്ണ തോതിലുള്ള റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്നുണ്ടായ യുദ്ധം അവസാനിപ്പിക്കാന്‍ രാജ്യത്തിന് ‘ഒരു കരാറില്‍ ഏര്‍പ്പെടാമായിരുന്നു’ എന്നും ട്രംപ് പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കുന്നതിനായി നടക്കുന്ന ചര്‍ച്ചയില്‍ തങ്ങളെ ക്ഷണിക്കാത്തത്
‘ആശ്ചര്യകരം’ ആണെന്ന് സെലെന്‍സ്‌കി പറഞ്ഞതിന് പിന്നാലെയാണ് ട്രംപ് യുക്രെയ്നിനെതിരെ രംഗത്തെത്തിയത്. ‘ചര്‍ച്ചയ്ക്ക് ഒരു സീറ്റ് ഇല്ലാത്തതില്‍ അവര്‍ അസ്വസ്ഥരാണെന്ന് ഞാന്‍ കേട്ടു, ശരി, അവര്‍ക്ക് മൂന്ന് വര്‍ഷമായി ഒരു സീറ്റ് ഉണ്ടായിരുന്നു, അതിന് വളരെ മുമ്പും. ഇത് വളരെ എളുപ്പത്തില്‍ പരിഹരിക്കാമായിരുന്നു,’- മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞതിങ്ങനെ.
താന്‍ ശ്രമിച്ചാല്‍ ഈ യുദ്ധം അവസാനിക്കുമെന്ന ആത്മവിശ്വാസവും ട്രംപ് പ്രകടിപ്പിച്ചു. സൗദി അറേബ്യയില്‍ യുഎസ്, റഷ്യന്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ താന്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവനാണെന്നു പറഞ്ഞ ട്രംപ് റഷ്യ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും നേരത്തെ പ്രതികരിച്ചിരുന്നു.