
വാഷിങ്ടണ്‍: കാനഡയില്‍ നിന്ന് അമേരിക്കയിലെത്തുന്ന അലുമിനിയം, സ്റ്റീല്‍ ഉത്പന്നങ്ങളുടെ തീരുവ ഇരട്ടിയാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 25 ശതമാനം തീരുവ ഈടാക്കുമെന്നാണ് മുമ്പ് അറിയിച്ചിരുന്നതെങ്കില്‍ പുതിയ തീരുമാനം അനുസരിച്ച് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് യുഎസ് അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച മുതല്‍ പുതിയ തീരുവ പ്രാബല്യത്തില്‍ വരുത്തണമെന്നും ട്രംപ് നിര്‍ദേശിച്ചിട്ടുണ്ട്.
യു.എസിലേക്കുള്ള വൈദ്യുതി കയറ്റുമതിക്ക് ഒൻ്റാറിയോ പ്രവിശ്യ 25 ശതമാനം തീരുവ ചുമത്തിയ പശ്ചാത്തലത്തിലാണ് പുതിയ നികുതി ചുമത്തിയത്.
മുമ്പ് നിശ്ചയിച്ചിരുന്നതില്‍ നിന്ന് 25 ശതമാനം കൂടി വര്‍ധിപ്പിച്ച നികുതി കാനഡയില്‍ നിന്ന് വരുന്ന ഉത്പന്നങ്ങള്‍ക്ക് മേല്‍ചുമത്താന്‍ വാണിജ്യ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ അറിയിച്ചു.
യു.എസ്. പാലുത്പ്പന്നങ്ങള്‍ക്ക് കാനഡ ചുമത്തുന്ന 250 മുതല്‍ 390 ശതമാനം വരെയുള്ള തീരുവകള്‍ അങ്ങേയറ്റം കര്‍ഷക വിരുദ്ധമാണ്. ഇത് എത്രയും പെട്ടെന്ന് കുറയ്ക്കാന്‍ തയാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. നാളുകളായി ഈടാക്കുന്ന അമിത നികുതികള്‍ കാനഡ ഒഴിവാക്കിയില്ലെങ്കില്‍ അമേരിക്കയിലേക്ക് വരുന്ന കാറുകളുടെ നികുതി ഏപ്രില്‍ രണ്ടുമുതല്‍ ഗണ്യമായി വര്‍ധിപ്പിക്കുമെന്നും ട്രംപ് കാനഡയ്ക്ക് താക്കീത് നല്‍കി. കാനഡ, മെക്‌സികോ തുടങ്ങിയ മേഖലയില്‍ നിന്നെത്തുന്ന ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ഈടാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, ഈ തീരുമാനം ഓഹരി വിപണിയെ മോശമായി ബാധിച്ച സാഹചര്യത്തില്‍ ഇത് ഈടാക്കുന്നത് നീട്ടിവെക്കുകയായിരുന്നു. എന്നാല്‍, ഏപ്രില്‍ രണ്ടിന് ശേഷം അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മറ്റ് രാജ്യങ്ങള്‍ ഈടാക്കുന്ന തീരുവ തിരിച്ചും ഈടാക്കുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇതേതുടര്‍ന്ന് യു.എസ്. ഉത്പന്നങ്ങള്‍ക്കും അധിക തീരുവ ചുമത്തുമെന്ന തീരുമാനവുമായി ഏപ്രില്‍ രണ്ട് വരെ മുന്നോട്ടുപോകില്ലെന്നും എല്ലാ തീരുവകളും ഒഴിവാക്കുന്നതിനായി തങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും കനേഡിയന്‍ ധനകാര്യ മന്ത്രി ഡൊമനിക് ലെബ്ലാങ്ക് വ്യക്തമാക്കിയിരുന്നു.
Trump doubles tariffs on aluminum and steel products coming from Canada to the US