ഇതാണ് സമയം, എല്ലാവരും നന്നായി ഉപയോഗിക്കണമെന്ന് ഉപദേശിച്ച് ട്രംപ്; എല്ലാവരും ഓഹരി വാങ്ങൂ എന്ന് യുഎസ് പ്രസിഡന്‍റ്

വാഷിംഗ്ടൺ: കൊട്ടിഘോഷിച്ച് കൊണ്ട് വന്ന താരിഫിൽ യുടേണടിച്ചതിന് പിന്നാലെ ഓഹരി വാങ്ങാനായി ആളുകളെ ഉപദേശിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഓഹരികൾ വാങ്ങാനുള്ള ഏറ്റവും നല്ല സമയം ഇതാണെന്നാണ് ട്രംപ് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. വിവിധ രാജ്യങ്ങൾക്ക് മേൽ ചുമത്തിയ തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ച ഡോണൾഡ് ട്രംപിന്റെ തീരുമാനം പുറത്ത് വന്നതിന് പിന്നാലെ യുഎസ് ഓഹരി വിപണികളിൽ വമ്പൻ കുതിപ്പാണ് ഉണ്ടായത്.

ഇതിന് പിന്നാലെയാണ് ട്രംപിന്‍റെ ഉപദേശം. ഒരു ദിവസം ഉണ്ടാവുന്ന ഏറ്റവും വലിയ കുതിപ്പാണ് വിപണികളിൽ ഉണ്ടായത്. എസ്&പി ഇൻഡക്സ് 9.5 ശതമാനം നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. നാസ്ഡാക് 100 12 ശതമാനം നേട്ടത്തോടെയും ഡൗ ജോൺസ് 7.9 ശതമാനം ഉയർച്ചയോടെയും വ്യാപാരം അവസാനിപ്പിച്ചു.

യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കി ലോക രാജ്യങ്ങൾ ദ്രോഹിക്കുകയാണ് എന്നാരോപിച്ചാണ് ട്രംപ് പകരം തീരുവയ്ക്കുള്ള നടപടികൾ തുടങ്ങിയത്. ഏപ്രിൽ രണ്ടിനകം ഇറക്കുമതി തീരുവ പിൻവലിച്ചില്ലെങ്കിൽ പകരച്ചുങ്കം പ്രാബല്യത്തിൽ വരുമെന്നാണ് പറഞ്ഞിരുന്നത്. തുടർന്ന് വിവിധ രാജ്യങ്ങൾക്ക് പകരച്ചുങ്കം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അധികം വൈകാതെ ഇതിൽ നിന്ന് ട്രംപ് താത്കാലികമായി പിൻവാങ്ങുകയായിരുന്നു.

More Stories from this section

family-dental
witywide