
വാഷിംഗ്ടണ്‍: യുഎസിലേക്ക് ഇറക്കുമതി നടത്തുന്നവയ്ക്ക് ഉയര്‍ന്ന തീരുവകൊണ്ട് വിവിധ രാജ്യങ്ങളെ ഞെട്ടിച്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അല്‍പം ആശ്വാസകരമായ മറ്റൊരു നീക്കത്തിലേക്ക്.
ട്രംപ് ഭരണകൂടം സ്മാര്‍ട്ട്ഫോണുകള്‍, കമ്പ്യൂട്ടറുകള്‍, മറ്റ് ഇലക്ട്രോണിക്സ് എന്നിവയെ പ്രതികാരപരമായുള്ള പരസ്പര തീരുവകളില്‍ നിന്ന് ഒഴിവാക്കി. ഇത് നിരവധി ജനപ്രിയ ഹൈടെക് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ വിലകൂടാനുള്ള സാഹചര്യം ഇല്ലാതാക്കും.
യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഓഫീസ് വെള്ളിയാഴ്ച വൈകി പ്രസിദ്ധീകരിച്ച ഒരു നോട്ടീസിലാണ് ഈ ഇളവുകളെക്കുറിച്ച് വ്യക്തമാക്കിയത്. ചൈനയില്‍ നിന്ന് അമേരിക്കയിലേക്ക് എത്തുന്ന സ്മാര്‍ട്ട്ഫോണുകളും അനുബന്ധ ഭാഗങ്ങളും ഉള്‍പ്പെടെയുള്ള വിവിധ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കും ബാധകമാണ് എന്നതും ശ്രദ്ധേയം. അവ നിലവില്‍ 145 ശതമാനം അധിക താരിഫിന് വിധേയമാണ്.
കമ്പ്യൂട്ടറുകള്‍ അടക്കമുള്ളവയുടെ വില കുത്തനെ കൂടുന്നത് യു.എസ് ടെക് കമ്പനികളെ ബാധിക്കുമെന്ന ആശങ്കയാണ് തീരുമാനത്തിന് പിന്നിലെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഉയര്‍ന്ന തീരുവ പ്രഖ്യാപനത്തിന് പിന്നാലെ ആപ്പിള്‍ ഇന്ത്യയിലെ ഉത്പാദനം വര്‍ധിപ്പിച്ചിരുന്നു. അതിനിടെയാണ് മൊബൈല്‍ ഫോണുകളെയും കമ്പ്യൂട്ടറുകളെയും അടക്കമുള്ളവയെ ഉയര്‍ന്ന തീരുവയില്‍നിന്ന് ട്രംപ് ഭരണകൂടം ഒഴിവാക്കിയിരിക്കുന്നത്.