
വാഷിംഗ്ടൺ: ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ സി ക്യു ബ്രൗണിനെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പുറത്താക്കി. എയർഫോഴ്സ് ലഫ്റ്റനന്റ് ജനറൽ ഡാൻ റാസിനാണ് പകരം ഈ സ്ഥാനത്തേക്ക് കൊണ്ട് വന്നിട്ടുണ്ട്. ട്രൂത്ത് സോഷ്യലിലൂടെയാണ് സി ക്യു ബ്രൗണിനെ പുറത്താക്കുകയാണെന്ന് ട്രംപ് അറിയിച്ചത്. 40 വർഷത്തെ സി ക്യു ബ്രൗണിന്‍റെ സേവനത്തിന് ട്രംപ് നന്ദിയും അറിയിച്ചു.
2023 ഒക്ടോബർ ഒന്നിനാണ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫിന്റെ ചെയർമാനായി സി ക്യു ബ്രൗൺ നിയമിതനാവുന്നത്. ചെയർമാൻ ആകുന്നതിന് മുമ്പ് യുഎസ് എയർഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ് എന്ന പദവിയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. യുഎസിലെ ഏറ്റവും ഉയർന്ന റാങ്കിലുള്ള മിലിറ്ററി ഓഫീസറാണ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ്. പ്രസിഡന്‍റിനും ഡിഫൻസ് സെക്രട്ടറിക്കും നാഷണൽ സെക്യൂരിറ്റി കൗൺസിലിനും ഉപദേശം നൽകുന്നത് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ആണ്.
ഈ പദവിയിലെത്തുന്ന രണ്ടാമത്തെ കറുത്ത വർഗക്കാരനാണ് സി ക്യു ബ്രൗൺ. യുക്രൈൻ യുദ്ധവും മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും യുഎസ് നേരിട്ടത് സി ക്യു ബ്രൗണിന്റെ നേതൃത്വത്തിലായിരുന്നു. ട്രംപിന്റേയും റിപബ്ലിക്കൻ പാർട്ടിയുടേയും നോട്ടപ്പുള്ളിയായിരുന്നു ബ്രൗൺ. ട്രംപ് അധികാരത്തിലെത്തിയാൽ ബ്രൗണിനെ മാറ്റുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ വന്നിരുന്നു.