ട്രംപിൻ്റെ ആദ്യ കാബിനറ്റ് യോഗം കഴിഞ്ഞു: മസ്കിൻ്റെ നടപടിക്ക് പ്രശംസ, ഇനിയും ഗവ. ജീവനക്കാരെ പിരിച്ചുവിടും, യൂറോപ്പിന് 25% ഇറക്കുമതി തീരുവ ഏർപ്പെടുത്തും

ബുധനാഴ്ച വൈറ്റ് ഹൗസിൽ ഡൊണാൾഡ് ട്രംപ് തന്റെ ആദ്യ കാബിനറ്റ് യോഗം നടത്തി. അതിനു ശേഷം തന്റെ കാബിനറ്റിനും “ടെക് സപ്പോർട്ട്” ടീ-ഷർട്ട് ധരിച്ചെത്തിയ ഇലോൺ മസ്കിനുമൊപ്പം സംസാരിച്ച ട്രംപ്, സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കാനുള്ള ഡോജിന്റെ ശ്രമങ്ങൾ മുതൽ കുടിയേറ്റം, സമ്പദ്‌വ്യവസ്ഥ, യുക്രെയ്നിലെ യുദ്ധം വരെയുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.

ട്രംപിന്റെ നയം മാറ്റങ്ങളെ ഏറ്റവും എതിർക്കുന്നത് ഏത് സർക്കാർ വകുപ്പാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് “ഇതുവരെ, എല്ലാവരും ഞാനും സന്തുഷ്ടനാണ്,” ട്രംപ് പറഞ്ഞു.കാബിനറ്റ് അംഗമല്ലാത്ത ഇലോൺ മസ്‌കിന്റെയും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെയും പ്രവർത്തനങ്ങളെ ട്രംപ് പ്രശംസിച്ചു.

സർക്കാർ ചെലവുകളും ഫെഡറൽ തൊഴിലാളികളുടെ എണ്ണവും വെട്ടിക്കുറയ്ക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള ഗവൺമെന്റ് എഫിഷ്യൻസി വകുപ്പായ ഇലോൺ മസ്‌കിന്റെയും ഡോജിന്റെയും പ്രവർത്തനങ്ങളെ ട്രംപ് പരസ്യമായും ആവർത്തിച്ചും പിന്തുണച്ചു.

മസ്‌കും അദ്ദേഹത്തിന്റെ ടീമിലെ മറ്റുള്ളവരും തമ്മിൽ പ്രശ്നങ്ങളുണ്ട് എന്ന വാർത്ത ട്രംപ് നിരസിച്ചു. “അവർക്ക് ഇലോണിനോട് വളരെയധികം ബഹുമാനമുണ്ട്, ചിലർക്ക് അൽപ്പം വിയോജിപ്പുണ്ട്, എന്നാൽ എല്ലാവരും സന്തുഷ്ടരാണെന്ന് മാത്രമല്ല, അവർ ആവേശഭരിതരാണെന്ന് ഞാൻ കരുതുന്നു.” ട്രംപ് പറഞ്ഞു.

തെറ്റുകൾ സംഭവിക്കാം എന്നും തെറ്റുകൾ സംഭവിച്ചാൽ അത് വേഗം തിരുത്തുമെന്നും മസ്കും പറഞ്ഞു.

ഫെഡറൽ ജീവനക്കാർക്ക് മസ്‌ക് അയച്ച വിവാദ ഇ മെയിലിന് കാബിനെറ്റിൻ്റെ എല്ലാ പിന്തുണയും ഉണ്ടെന്ന് ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയിൽ അവർ ചെയ്ത അഞ്ച് കാര്യങ്ങൾ പട്ടികപ്പെടുത്തി മറുപടി മെയിൽ അയക്കണമെന്നും അല്ലാത്ത പക്ഷം ജോലി നഷ്ടമാകുമെന്നും കാട്ടിയാണ് മസ്ക് എല്ലാ ഫെഡറൽ ജീവനക്കാർക്കും മെയിൽ അയച്ചത്. ഇ-മെയിലിന് മറുപടി നൽകാത്ത ഏകദേശം പത്ത് ലക്ഷം ഫെഡറൽ തൊഴിലാളികളുണ്ടെന്നും അവരൊക്കെ ആ വകുപ്പിൽ നിലനിൽക്കുന്നവരാണ് എന്ന് തോന്നുന്നില്ല എന്നും ട്രംപ് അറിയിച്ചു.

മറുപടി അയക്കാത്തവർ ആരോക്കെയാണ് എന്ന് അന്വേഷിക്കുകയാണ്. ഇക്കാര്യത്തിൽ ഒരു സർജിക്കൽ നീക്കം നടത്തും എന്ന് ഉറപ്പാണെന്നും ട്രംപ് വ്യക്തമാക്കി. എല്ലാ കാബിനറ്റ് അംഗങ്ങളും അവരവരുടെ ഏജൻസികളിൽ വെട്ടിക്കുറക്കൽ ജോലി നടപ്പാക്കണം എന്നും ട്രംപ് ആവശ്യപ്പെട്ടു. ലീ സെൽഡിൻ നയിക്കുന്ന പരിസ്ഥിതി സംരക്ഷണ ഏജൻസിക്ക് 65% വരെ തൊഴിലാളികളെ വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുക്രേനിയൻ പ്രസിഡന്റ് സെലെൻസ്‌കി വെള്ളിയാഴ്ച വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന് ട്രംപ് സ്ഥിരീകരിച്ചു. ഈ സന്ദർശനത്തിൽ യുഎസും യുക്രെയ്‌നും ഒരു വിപുലമായ ധാതു കരാറിൽ ഒപ്പുവെക്കുമെന്ന് ട്രംപ് പറഞ്ഞു. റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ അമേരിക്ക നൽകിയ ആയുധങ്ങൾ ഉൾപ്പെടയുള്ള സഹായങ്ങൾക്കുള്ള പണം ഇതുവഴി തിരികെ കിട്ടുമെന്നും ട്രംപ് പറഞ്ഞു.

“ഭാവിയിൽ ഞങ്ങൾക്ക് ധാരാളം പണം ലഭിക്കും, അത് ഉചിതമാണെന്ന് ഞാൻ കരുതുന്നു, കാരണം ബില്ലിന്റെ ചെലവുകൾ വഹിക്കാൻ പാടുപെടുന്ന നികുതിദായകർ നമുക്കുണ്ട്,” അദ്ദേഹം പറഞ്ഞു.

റഷ്യൻ ആക്രമണം തടയാൻ യുഎസ് സുരക്ഷാ ഗ്യാരണ്ടികൾ ഉൾപ്പെടെയുള്ള കൂടുതൽ ഉറപ്പുകൾ യുക്രെയ്ന് നൽകുമോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നായിരുന്നു ട്രംപിൻ്റെ മറുപടി. അത് യൂറോപ്പിന്റെ ഉത്തരവാദിത്തമാണ് എന്നാണ് ട്രംപിൻ്റെ നിലപാട്.

യൂറോപ്യൻ യൂണിയനിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് 25% തീരുവ ചുമത്തുമെന്നും ട്രംപ് പറഞ്ഞു.

“ഞങ്ങൾ ഇത് വളരെ വേഗം പ്രഖ്യാപിക്കും, 25% ആയിരിക്കും, അത് കാറുകൾ ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾക്ക് ആയിരിക്കും.അവർ ഞങ്ങളെ ശരിക്കും മുതലെടുത്തു, അവർ ഞങ്ങളുടെ കാറുകൾ സ്വീകരിക്കുന്നില്ല. അവർ ഞങ്ങളുടെ കാർഷിക ഉൽപ്പന്നങ്ങൾ സ്വീകരിക്കുന്നില്ല.”ട്രംപ് കൂട്ടിച്ചേർത്തു.

Trump first Cabinet meeting over key decisions on tariff DOGE migration Ukraine

More Stories from this section

family-dental
witywide