വാഷിംഗ്ടണ്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരിയില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ട്രംപ് തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. ഫ്‌ളോറിഡയില്‍ നിന്ന് ജോയിന്റ് ബേസ് ആന്‍ഡ്രൂസിലേക്ക് മടങ്ങുന്നതിനിടെ എയര്‍ഫോഴ്സ് വണ്ണില്‍ തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് മോദിയുടെ അമേരിക്ക സന്ദര്‍ശനത്തെക്കുറിച്ച് പറഞ്ഞത്.
”തിങ്കളാഴ്ച രാവിലെ ഞാന്‍ അദ്ദേഹവുമായി ദീര്‍ഘനേരം സംസാരിച്ചു. അടുത്ത മാസം, ഒരുപക്ഷേ ഫെബ്രുവരിയില്‍ അദ്ദേഹം വൈറ്റ് ഹൗസിലേക്ക് വരും. ഇന്ത്യയുമായി ഞങ്ങള്‍ക്ക് വളരെ നല്ല ബന്ധമുണ്ട്,” ട്രംപ്് പറഞ്ഞു. തിങ്കളാഴ്ച ട്രംപുമായി മോദി ഫോണില്‍ സംസാരിച്ചിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മോദിയുടെ സന്ദര്‍ശനത്തെക്കുറിച്ചുള്ള സാധ്യത ട്രംപ് പങ്കുവെച്ചത്.
അതേസമയം, യുഎസ് പ്രസിഡന്റ് എന്ന നിലയില്‍ തന്റെ ആദ്യ ടേമില്‍ ട്രംപിന്റെ അവസാന വിദേശ യാത്ര ഇന്ത്യയിലേക്കായിരുന്നു. മാത്രമല്ല, ട്രംപും പ്രധാനമന്ത്രി മോദിയും നല്ല സൗഹൃദബന്ധത്തിലുമാണ്. 2019 സെപ്റ്റംബറില്‍ ഹൂസ്റ്റണിലും 2020 ഫെബ്രുവരിയില്‍ അഹമ്മദാബാദിലും നടന്ന രണ്ട് വ്യത്യസ്ത റാലികളില്‍ ഇരുവരും ഒരുമിച്ച് ആയിരക്കണക്കിന് ആളുകളെ അഭിസംബോധന ചെയ്തു. കഴിഞ്ഞ നവംബറിലെ ആവേശകരമായ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഉടനടി യുഎസ് പ്രസിഡന്റ് ട്രംപുമായി സംസാരിച്ച മികച്ച മൂന്ന് ലോക നേതാക്കളില്‍ പ്രധാനമന്ത്രി മോദിയും ഉള്‍പ്പെടുന്നു.