തോൽക്കാൻ വേറെ ആളെ നോക്ക്: ചൈനക്കുള്ള ഇറക്കുമതി ചുങ്കം 245% ആക്കി ട്രംപ്, പന്ത് ഇപ്പോള്‍ ചൈനയുടെ കോര്‍ട്ടിലാണ് എന്നും വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: ആഗോള വിപണികളെ വീണ്ടും ആശങ്കയിലാക്കി ട്രംപ് ഭരണകൂടം. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഇറക്കുമതി തീരുവ 245 ശതമാനം വരെയാക്കി വര്‍ധിപ്പിച്ചു.

താരിഫ് യുദ്ധം തുടരുന്നതിനിടെ കഴിഞ്ഞദിവസമാണ് ട്രംപ് ഭരണകൂടം ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 145 ശതമാനം വരെ നികുതി വര്‍ധിപ്പിച്ചത്‌. ഇതിന് തിരിച്ചടിയായി അമേരിക്കന്‍ ഉത്പന്നങ്ങളുടെ മേലും ചൈന 125 ശതമാനം നികുതി ചുമത്തുകയും പല യു.എസ് കമ്പനികള്‍ക്കുമേലും നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ചൈനീസ് വ്യോമയാന കമ്പനികളോട് അമേരിക്കന്‍ കമ്പനിയായ ബോയിങ്ങില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങുന്നത് നിര്‍ത്തിവെയ്ക്കണമെന്ന് ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് നികുതി ഇരട്ടിയായി യു.എസ്‌ വര്‍ധിപ്പിച്ചത്.

വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് നികുതി പ്രഖ്യാപിച്ചതോടെ 75 രാജ്യങ്ങള്‍ യു.എസ്സുമായി വ്യാപാര കരാറിനുള്ള ചര്‍ച്ചകള്‍ക്ക് സന്നദ്ധമായി. ഈ രാജ്യങ്ങള്‍ക്ക് അധിക നികുതി ചുമത്തുന്നത്‌ നടപ്പാക്കുന്നത് 90 ദിവസത്തേക്ക് ട്രംപ് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഭീഷണിപ്പെടുത്തി ചര്‍ച്ചക്കില്ലെന്ന് വ്യക്തമാക്കിയ ചൈനയ്ക്ക് മേല്‍ കൂടുതല്‍ നികുതി ചുമത്തുകയാണ് ചെയ്തത്.

യു.എസ്- ചൈന വ്യാപാര യുദ്ധത്തേപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക്, പന്ത് ഇപ്പോള്‍ ചൈനയുടെ കോര്‍ട്ടിലാണ് എന്നാണ് വൈറ്റ് ഹൗസ് മറുപടി നല്‍കിയത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുടെ പ്രസ്താവനയ്ക്ക് മണിക്കുറുകള്‍ക്കകമാണ് 245 ശതമാനം നികുതി പ്രഖ്യാപനം വന്നത്. പന്തിപ്പോള്‍ ചൈനയുടെ കോര്‍ട്ടിലാണ്. ഞങ്ങളുമായി വ്യാപാര കരാറുണ്ടാക്കേണ്ടത് അവരുടെ ആവശ്യമാണ്. ഞങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ല എന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍ ലെവിറ്റ് പറഞ്ഞത്.

അതേസമയം യുഎസിന്റെ വ്യാപാര യുദ്ധത്തിന് മറുപടി നല്‍കുമെന്ന് ചൈന വ്യക്തമാക്കി കഴിഞ്ഞു. വ്യാപാര യുദ്ധത്തില്‍ ഭയക്കില്ലെന്നും പോരാടുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറയുന്നു.

Trump increases import tariffs on China to 245%

More Stories from this section

family-dental
witywide